തിരുവനന്തപുരം: ആർഎസ്എസിനെതിരെ കുറിപ്പും വീഡിയോയും ഷെഡ്യൂൾ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ നിധീഷ് കുമാറിനെതിരെ കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം. നിധീഷ് മുരളീധരനെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യാമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളിയാണ് പോലീസിനു നിയമോപദേശം നൽകിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിൽ പ്രകൃതി വരുദ്ധ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പില്ല. മുൻപ് നടന്ന സംഭവമായതിനാൽ ഐപിസിയിലെ വകുപ്പ് പ്രകാരം കേസെടുക്കാം. ഐപിസി 377-ാം വകുപ്പ് പ്രകാരം പൊൻകുന്നം പോലീസിന് കേസെടുക്കാൻ നിർദേശം നൽകാമെന്ന് നിയമോപദേശത്തിൽ പറയുന്നു. കൂടാതെ ബിഎൻഎസ് 108-ാം വകുപ്പ് പ്രകാരം ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യാം. സംഭവം നടന്നത് തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ്. അതുകൊണ്ടുതന്നെ തമ്പാനൂർ പോലീസിന് കേസെടുക്കാം. പുറത്തുവന്ന വീഡിയോയ്ക്ക് നിയമസാധുതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്നും നിയമോപദേശത്തിൽ പറയുന്നു.
അതേസമയം ബുധനാഴ്ച വൈകിട്ടായിരുന്നു മരിക്കുന്നതിനു മുൻപ് യുവാവ് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്തുവെച്ചിരുന്ന വീഡിയോ പുറത്തുവന്നത്. വീഡിയോയിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകന്റെ പേര് യുവാവ് പറയുന്നുണ്ട്. നിധീഷ് മുരളീധരൻ എന്ന ആർഎസ്എസ്പ്രവർത്തകനാണ് പീഡിപ്പിച്ചതെന്നാണ് യുവാവ് പറയുന്നത്. എല്ലാവരും കണ്ണൻ ചേട്ടൻ എന്നാണ് ഇയാളെ വിളിക്കുന്നത്. തനിക്ക് മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോൾ മുതൽ ഇയാൾ തന്നെ പീഡിപ്പിച്ചു വരുന്നു. തനിക്ക് ഒസിഡി വരാനുള്ള കാരണം ചെറുപ്പം മുതൽ നേരിടേണ്ടി വന്ന ലൈംഗിക പീഡനമാണെന്നും യുവാവ് വീഡിയോയിൽ പറഞ്ഞിരുന്നു.
ജീവിതത്തിൽ നമ്മൾ ഒരിക്കലും ഇടപഴകരുതാത്ത ചില ആളുകളുണ്ട്. അവരാണ് ആർഎസ്എസുകാർ. അവരുടെ ക്യാംപുകളിൽ ഭയങ്കര മോശമായ സാഹചര്യമാണുള്ളത്. ടോർച്ചറാണ് അവിടെ നടക്കുന്നത്. മെന്റലി, ഫിസിക്കലി, സെക്ഷ്വലി അവർ അബ്യൂസ് ചെയ്യും. കുട്ടികളെയാണ് പീഡിപ്പിക്കുന്നത്. ഫിസിക്കലിയും അബ്യൂസ് ചെയ്യും. ലൈഫിൽ ഒരിക്കലും ആർഎസ്എസുകാരനുമായി ഇടപഴകരുത്. പലർക്കും തന്റേതിന് സമാനമായ അനുഭവം നേരിടേണ്ടിവന്നു. ആരും തുറന്നുപറയാത്തതാണെന്നും യുവാവ് ആത്മഹത്യയ്ക്കു മുൻപ് പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ പതിനാലിനായിരുന്നു ആർഎസ്എസിനെതിരെ ഇൻസ്റ്റഗ്രാമിൽ ആത്മഹത്യാ കുറിപ്പ് ഷെഡ്യൂൾ ചെയ്ത് യുവാവ് ജീവനൊടുക്കിയത്. തനിക്ക് ജീവിതത്തിൽ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നും യുവാവ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും കോൺഗ്രസും യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. യുവാവിന്റെ കുറിപ്പ് മരണമൊഴിയായി കണ്ട് കേസെടുക്കണമെന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ ആവശ്യം. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എലിക്കുളം മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. പുറത്തുവന്ന കുറിപ്പ് ശരിയെങ്കിൽ ഏറ്റവും ഭയാനകമായ കാര്യമാണ് സംഭവിച്ചതെന്നും പോലീസ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു പ്രിയങ്ക ആവശ്യപ്പെട്ടത്.