തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്ത് തിരുവനന്തപുരം സൈബർ പോലീസ്. തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയിലിന്റെ പരാതിയിൽ ഗാനരചയിതാവ് ഉൾപെടെയുള്ളവരെ പ്രതികളാക്കിയാണ് കേസ്.
ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. സൈബർ ഓപ്പറേഷൻസ് എസ്പി അങ്കിത് അശോക് പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഗാനരചയിതാവ് ഉൾപ്പെടെ നാലു പേരെ പ്രതി ചേർത്താണ് കേസ്. കുഞ്ഞബ്ദുല്ല, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരാണ് പ്രതികൾ.
അതേസമയം ഖത്തറിൽ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ചാലപ്പുറം സ്വദേശി ജി.പി. കുഞ്ഞബ്ദുല്ലയാണ് പാട്ടെഴുതിയത്. ഖത്തറിൽ വച്ചെഴുതിയ പാട്ട് നാട്ടിലെ ഒരു സുഹൃത്തിന് അയച്ചുകൊടുത്തു. പിന്നീട് ഡാനിഷ് എന്ന ഗായകൻ ഇത് ആലപിക്കുകയും സിഎംഎസ് മീഡിയ ഉടമ സുബൈർ പന്തല്ലൂർ പാരഡി ഗാനം പുറത്തിറക്കുകയുമായിരുന്നു. നാസർ കൂട്ടിലങ്ങാടിയാണ് ഡബ്ബ് ചെയ്തത്. പാട്ട് ഹിറ്റായതോടെ സംസ്ഥാനത്തും വിദേശങ്ങളിലുമെല്ലാം സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുകയായിരുന്നു.
ഗാനം ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നു കാട്ടി സിപിഎമ്മും രംഗത്തെത്തിയിരുന്നു. കോൺഗ്രസും മുസ്‌ലിം ലീഗും ഗുരുതരമായ ധ്രുവീകരണത്തിന് ഇടയാക്കുന്ന തരത്തിൽ പാരഡി ഗാനം ഉപയോഗപ്പെടുത്തി എന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആരോപിച്ചത്.



















































