പത്തനംതിട്ട: പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ നടുറോഡിൽ അകാരണമായി തല്ലി ചതച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. പത്തനംതിട്ട എസ്ഐ എസ് ജിനുവിനെ സ്ഥലംമാറ്റി. എസ്പി ഓഫീസിലേക്കാണ് മാറ്റം. തുടർനടപടി ഡിഐജി തീരുമാനിക്കുമെന്നാണ് അറിയുന്നത്. വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഎജിക്ക് നൽകി.
അതേ സമയം റോഡിൽ വിശ്രമിക്കുകയായിരുന്ന 20 അംഗസംഘത്തിനുനേരെ പോലീസ് ലാത്തിവീശുമ്പോൾ അടി എന്തിനുള്ളതാണെന്നു പോലും ആർക്കും മനസിലായില്ല. സ്ത്രീകൾ ഉൾപെടെയുള്ള സംഘത്തിനു നേരെയായിരുന്നു പോലീസ് അതിക്രമം. ഇന്നലെ രാത്രി 11 മണിയോടെ പത്തനംതിട്ട അബാൻ ജംഗ്ഷനിലായിരുന്നു സംഭവം. വിവാഹാനുബന്ധിച്ച ചടങ്ങിന് പോയി മടങ്ങിവന്ന കോട്ടയം സ്വദേശികൾ വിശ്രമത്തിനായി വാഹനം വഴിയരികിൽ നിർത്തി. 20 അംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ചിലർ പുറത്തിറങ്ങി നിൽക്കുമ്പോഴാണ് പത്തനംതിട്ട എസ്ഐയും സംഘവും സ്ഥലത്ത് എത്തി ലാത്തിച്ചാർജ് നടത്തിയത്.
എസ്ഐ ജിനു അടക്കമുള്ള പോലീസ് സംഘമാണ് റോഡിൽ നിന്നവരെ ആകാരണമായി മർദ്ദിച്ചത്. മുണ്ടക്കയം സ്വദേശി സിത്താര, ഭർത്താവ് ശ്രീജിത്ത്, ബന്ധു ഷിജിൻ എന്നിവർക്ക് മർദനത്തിൽ പരുക്കേറ്റു. വാഹനത്തിന് പുറത്ത് നിന്ന മറ്റുള്ളവർക്കും അടി കിട്ടി. അതിക്രമം നടത്തിയ ശേഷം പോലീസ് സംഘം വളരെ വേഗം സ്ഥലം വിടുകയും ചെയ്തു. പരുക്ക് പറ്റിയവർ പിന്നീട് സ്വന്തം വാഹനത്തിലാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.
സമീപത്തെ ബാറിന് മുന്നിൽ ചിലർ പ്രശ്നമുണ്ടാക്കുന്നെന്ന് വിവരം ലഭിച്ചാണ് പോലീസ് സംഘം സ്ഥലത്തെത്തിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ യഥാർത്ഥത്തിൽ പ്രശ്നമുണ്ടാക്കിയത് ആരാണെന്ന് പോലും അന്വേഷിക്കാതെ പോലീസ് നടുറോട്ടിലിട്ട് പൊതിരെ തല്ലിയത് എന്തിനാന്ന് എന്ന ചോദിതിന് മുതിർന്ന ഉദ്യോഗസ്ഥർക്ക് പോലും മറുപടിയില്ല. പരുക്കേറ്റവരുടെ മൊഴിയിൽ എസ്ഐ അടക്കം പോലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.













































