വാഷിങ്ടൺ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചാണ് ട്രംപ് പിറന്നാൾ ആശംസകൾ നേർന്നത്. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ മോദി നൽകിയ പിന്തുണയ്ക്ക് ട്രംപ് നന്ദി പറഞ്ഞു. പിന്നാലെ തനിക്ക് പിറന്നാൾ ആശംസിച്ച ട്രംപിന് നന്ദി അറിയിച്ചുകൊണ്ട് പ്രധാന മന്ത്രിയുടെ മറുപടിയുമെത്തി.
‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദി, എന്റെ 75-ാം ജന്മദിനത്തിൽ നിങ്ങളുടെ ഫോൺ കോളിനും ഊഷ്മളമായ ആശംസകൾക്കും. നിങ്ങളെപ്പോലെ, ഇന്ത്യ-യുഎസ് സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാനും പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ്’ എന്നായിരുന്നു മോദിയുടെ മറുപടി.
അതേസമയം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ഇക്കാര്യം ട്രംപ് പങ്കുവെക്കുകയും ചെയ്തു. എൻ്റെ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇപ്പോൾ ഒരു മികച്ച ഫോൺ സംഭാഷണം നടത്തി. ഞാൻ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം വളരെ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. നരേന്ദ്രാ, റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി. – ട്രംപ് കുറിച്ചു.
അതുപോലെ യുക്രൈൻ സംഘർഷത്തിൽ ട്രംപിൻ്റെ സമാധാന ശ്രമങ്ങൾക്ക് പ്രധാനമന്ത്രി പിന്തുണയും അറിയിച്ചു. യുക്രൈൻ സംഘർഷത്തിന് സമാധാനപരമായ ഒരു പരിഹാരം കാണാൻ നിങ്ങൾ മുൻകൈയെടുത്തതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. – മോദി കുറിച്ചു.