തിരുവനന്തപുരം: സംഘപരിവാറിന്റെ വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് വഖഫ് ബിൽ, മുനമ്പത്തുകാരെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ഭേദഗതി ബിൽ മുനമ്പം വിഷയത്തിനുള്ള ഒറ്റമൂലിയാണെന്ന ബിജെപിയുടെ പ്രചാരണം പൊളിഞ്ഞുവെന്നും കേന്ദ്രമന്ത്രിയുടെ നാവിൽനിന്ന് സത്യം വീണുപോയതോടെ ബിജെപിയുടെ രാഷ്ട്രീയലക്ഷ്യം പാളിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുന്നതിനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നത്. അക്കാര്യം പഠിക്കാനാണ് സർക്കാർ കമ്മിഷനെ വച്ചത്. കമ്മിഷൻ പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ സമരം അവസാനിപ്പിക്കാൻ അഭ്യർഥിച്ചിരുന്നു. എന്നാൽ അതു സ്വീകരിക്കപ്പെട്ടില്ല. അവർക്ക് മറ്റു ചില പ്രതീക്ഷകൾ ഉണ്ടായിരുന്നു. ചിലർ പോയി പറഞ്ഞപ്പോൾ ഉണ്ടായ പ്രതീക്ഷയാണത്. ആശയക്കുഴപ്പം ഉണ്ടാക്കി കുളം കലക്കി മീൻ പിടിക്കാനാണ് ചിലർ ശ്രമിച്ചത്. സംഘപരിവാർ അജൻഡ എന്ന നിലയ്ക്ക് ബിജെപിയാണ് അതിന്റെ മുന്നിൽ നിന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കൂടാതെ വഖഫ് ഭേദഗതി ബിൽ മുനമ്പം വിഷയത്തിന്റെ ശാശ്വത പരിഹാരമാണെന്ന പ്രചാരമാണ് ചിലർ അഴിച്ചുവിട്ടത്. അതു പൂർണ തട്ടിപ്പാണെന്നാണ് ഇപ്പോൾ വ്യക്തമായത്. പുതിയ നിയമം ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. മുസ്‌ലിം അപരവൽക്കരണത്തിന്റെയും അതുവഴിയുള്ള രാഷ്ട്രീയ നേട്ടത്തിന്റെ അവസരമായാണ് സംഘപരിവാർ ഇതിനെ കണ്ടത്. ഇപ്പോൾ മുസ്‌ലിമിനെതിരെ എന്നു പറയുമ്പോൾ ഭാവിയിൽ അത് അങ്ങനെ മാത്രമല്ലെന്നാണ് ഓർഗനൈസർ ലേഖനം വ്യക്തമാക്കുന്നത്.
ക്രൈസ്തവ സഭയ്ക്കാണ് സ്വത്തുക്കൾ കൂടുതലെന്ന പരാമർശം ഉണ്ടായിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായാണ് സംഘപരിവാർ ന്യൂനപക്ഷത്തെ കാണുന്നത്. അതിന്റെ ഭാഗമായുള്ള സമീപനമാണ് അവർ സ്വീകരിക്കുന്നത്. വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് ബില്ലിന്റെ ഭാഗമായി വന്നത്. ന്യൂനപക്ഷ വിരുദ്ധവും ഭൂരിപക്ഷ വർഗീതയെ സംതൃപ്തിപ്പെടുത്തുന്നതുമായ നടപടിയാണ് നിർഭാഗ്യവശാൽ കേന്ദ്രസർക്കാർ സ്വീകരിച്ചത്. അതുകൊണ്ടാണ് കേരളനിയമസഭ അതിനെതിരെ പ്രമേയം അംഗീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനാ വിരുദ്ധമായ ബിൽ പാസാക്കുകയും മുനമ്പം വിഷയത്തിനുള്ള ഒറ്റമൂലിയാണിതെന്നുമുള്ള വ്യാഖ്യാനം സംഘപരിവാർ വലിയ തോതിൽ പ്രചരിപ്പിച്ചു. എന്നാൽ വഖഫ് നിയമഭേദഗതിക്കു മുൻകാല പ്രാബല്യമില്ല എന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു തന്നെ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. പാസായ ബില്ലിലെ ഏതു വകുപ്പാണ് മുനമ്പം വിഷയം പരിഹരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നില്ല. കേന്ദ്രമന്ത്രിയെ മുനമ്പത്ത് എത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാൽ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ നാവിൽനിന്നു സത്യം വീണുപോയി.
ബിജെപി ഉദ്ദേശിച്ച കാര്യത്തിന് നേരെ ഘടകവിരുദ്ധമായ പരാമർശമാണ് കേന്ദ്രമന്ത്രി നടത്തിയത്. അദ്ദേഹം പറഞ്ഞതു വസ്തുതയാണ്. മന്ത്രിയെ കൊണ്ടുവന്നതിനു പിന്നിലെ രാഷ്ട്രീയലക്ഷ്യം പൊളിഞ്ഞു പോയി. വഖഫ് നിയമഭേദഗതി കൊണ്ടുമാത്രം മുനമ്പം വിഷയം പരിഹരിക്കാനാവില്ലെന്നാണ് കേന്ദ്രമന്ത്രി സമ്മതിച്ചത്. അതേസമയം ബിജെപിയുടെ ദുഷ്ടലാക്കിനു പിന്തുണ നൽകുന്ന വാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയുടെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയി എന്നാണ് സമരസമിതി കൺവീനർ പ്രതികരിച്ചത്.