കൊച്ചി ∙ ഫിസിയോതെറാപ്പിസ്റ്റുകളും ഒക്കുപ്പേഷനൽ തെറാപ്പിസ്റ്റുകളും പേരിനോടൊപ്പം ഡോക്ടർ എന്ന് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി. സ്പെഷലിസ്റ്റ് മെഡിക്കൽ ഡോക്ടർമാരുടെ കൂട്ടായ്മയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. അസോസിയേഷൻ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയയ്ക്കാനും ഉത്തരവിട്ടു. കേസ് ഡിസംബർ ഒന്നിനു വീണ്ടും പരിഗണിക്കും. 1916ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രീസ് ആക്ടിലെ വ്യവസ്ഥകളും ഫിസിയോതെറാപ്പി, ഒക്കുപേഷനൽ തെറാപ്പി എന്നിവയ്ക്കുള്ള യോഗ്യതാധിഷ്ഠിത പാഠ്യപദ്ധതിയിലെ വ്യവസ്ഥകളും തമ്മിൽ വൈരുധ്യം നിലനില്‍ക്കുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
അംഗീകൃത മെഡിക്കൽ ഡിഗ്രിയില്ലാത്തവർ പേരിനു മുൻപ് ഡോക്ടർ എന്നു ചേർക്കുന്നത് ഇന്ത്യൻ മെഡിക്കൽ ഡിഗ്രി നിയമത്തിനു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫിസിയോതെറാപ്പിക്കുള്ള 2025ലെ യോഗ്യതാധിഷ്ഠിത പാഠ്യപദ്ധതിയിൽ ഡോക്ടർ എന്നു ചേർക്കുന്നത് നീക്കം ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ പിന്നീട് ഈ ഉത്തരവ് പിൻവലിച്ചു. ഇതിനെ ചോദ്യം ചെയ്താണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് അംഗീകൃത മെഡിക്കൽ യോഗ്യതയില്ലാത്ത ഫിസിയോതെറാപ്പിസ്റ്റുകളും ഒക്കുപേഷണൽ തെറാപ്പിസ്റ്റുകളും പേരിനു മുൻപ് ഡോക്ടർ എന്നു ചേർക്കുന്നില്ലെന്ന് അധികൃതർ ഉറപ്പു വരുത്തണമെന്ന് കോടതി ഉത്തരവിട്ടത്.















































