ന്യൂഡൽഹി: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിന് എതിരായ കേസ് പരിഗണിക്കുന്ന ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഇന്ത്യ- പാക് യുദ്ധമുണ്ടായാൽ ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നുവെന്നും എൻഐഎ കോടതിയെ അറിയിച്ചു.
മുസ്ലിം യുവാക്കളെ തീവ്രവാദികളാക്കാനും ഹിന്ദുക്കൾക്കെതിരെ വൈരാഗ്യം വളർത്താനും പിഎഫ്ഐ നേതൃത്വം ഗൂഢാലോചന നടത്തിയതായും എൻഐഎ പറഞ്ഞു. ഇതിനു തെളിവുകളുണ്ടെന്നും പട്യാല ഹൗസ് കോടതിയിലെ എൻഐഎ ജഡ്ജി പ്രശാന്ത് ശർമ്മയ്ക്ക് മുന്നിൽ എൻഐഎയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാഹുൽ ത്യാഗി കോടതിയെ അറിയിച്ചു.
“സംഘടനയ്‌ക്കെതിരെ ശക്തമായ തെളിവുകളുണ്ട്. ഇന്ത്യ– പാക്കിസ്ഥാൻ യുദ്ധമുണ്ടായാൽ വടക്കൻ ഭാഗത്തായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക, അപ്പോൾ തെക്കുനിന്ന് ആക്രമിച്ച് ദക്ഷിണേന്ത്യ പിടിച്ചെടുക്കണമെന്ന രീതിയിലുള്ള ക്ലാസുകളാണ് പിഎഫ്ഐ എടുത്തതെന്ന് ഒരു സംരക്ഷിത സാക്ഷി മൊഴി നൽകിയിട്ടുണ്ട്,”- ത്യാഗി കോടതിയെ അറിയിച്ചു.
അതുപോലെ ‘ഇന്ത്യയിൽ ഇസ്ലാം അപകടത്തിലാണ്’ എന്ന പ്രചാരണം നടത്തി ഹിന്ദുക്കൾക്കെതിരെ വൈരവും വിദ്വേഷവും വളർത്താൻ പിഎഫ്ഐ ശ്രമിച്ചുവെന്നും അത്തരം പ്രചാരണങ്ങളിൽ വീഴുന്ന മുസ്ലിം യുവാക്കളെ കണ്ടെത്തി ജിഹാദിൽ പങ്കെടുപ്പിക്കുകയും അവരെ തീവ്രവാദികളാക്കുകയും ചെയ്തുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഇന്ത്യയിൽ ഖിലാഫത്തും ശരിയത്ത് നിയമവും സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ പോപ്പുലർ ഫ്രണ്ട് അംഗങ്ങളെ ഐഎസിൽ ചേരാൻ നിർബന്ധിച്ചുവെന്നും, ഹിന്ദു–മുസ്ലിം വിഭജനം സൃഷ്ടിക്കാനുള്ള പ്രഭാഷണങ്ങളാണ് സംഘടന പലപ്പോഴും നടത്തിയതെന്നും എൻഐഎ പറഞ്ഞു. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഭൂരിഭാഗവും ഇസ്ലാമികളായിരുന്നെന്നും അവരുടെ പതനത്തിന് ശേഷം മുസ്ലിംകളുടെ നില തകർന്നുവെന്നുമുള്ള പ്രചാരണമാണ് ഇതിലൂടെ നടത്തിയതെന്നും കോടതിയിൽ എൻഐഎ വ്യക്തമാക്കി.
അതുപോലെ ഗുജറാത്ത് കലാപവും ബാബരി മസ്ജിദ് തകർക്കലും സംബന്ധിച്ച വിഷയങ്ങൾ പോപ്പുലർ ഫ്രണ്ട് അംഗങ്ങൾ തമ്മിൽ ചർച്ച ചെയ്തതായി ചിലരുടെ മൊഴികളിൽ പറയുന്നതായും, ഇസ്ലാമിക ഭരണത്തിന്റെ ‘സുവർണകാലം’ വിശദീകരിച്ചാണ് യുവാക്കളെ സ്വാധീനിച്ചതെന്നും എൻഐഎ കോടതിയിൽ അറിയിച്ചു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം ബോംബ് നിർമ്മാണം, ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള വസ്തുക്കൾ അടങ്ങിയ രേഖകൾ, കൈയിൽ പിടിക്കാവുന്ന മറൈൻ റേഡിയോ സെറ്റുകൾ, ഐഎസ് അനുകൂല വീഡിയോകൾ ഉള്ള പെൻ ഡ്രൈവുകൾ, വെടിമരുന്ന്, ആയുധങ്ങൾ എന്നിവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.


















































