കൊച്ചി: മദ്യലഹരിയിൽ കിടപ്പുരോഗിയായ അച്ഛനെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ. ചേലാമറ്റം നാല് സെന്റ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണി (67) ആണ് മരിച്ചത്. സംഭവത്തിൽ ജോണിയുടെ മകൻ മെൽജോയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷയ രോഗബാധിതനായിരുന്ന ജോണി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു.
ബുധനാഴ്ച രാത്രി ഒൻപതരയോടെ പിതാവിന് അനക്കമില്ലെന്നു പറഞ്ഞ് മെൽജോ സഹോദരിയുടെ വീട്ടിലെത്തുകയായിരുന്നു. ഉടനെ സഹോദരി എത്തി പിതാവിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.
ഇന്നു രാവിലെ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മെൽജോയുടെ ചവിട്ടിൽ ജോണിയുടെ രണ്ട് വാരിയെല്ലുകൾക്ക് ഒടിവ് സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് സംശയം തോന്നിയ പെരുമ്പാവൂർ പോലീസ് മെൽജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മദ്യലഹരിയിൽ താൻ പിതാവിനെ ചവിട്ടിയതായി ഇയാൾ സമ്മതിച്ചത്. തുടർന്ന് ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു പെരുമ്പാവൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.