കൊച്ചി: ദക്ഷിണേന്ത്യയിലെ പരസ്യ-ആശയവിനിമയ മേഖലയിലെ ക്രിയാത്മക മികവിന്റെ അംഗീകാരമായ പെപ്പർ അവാർഡ്സ് 2025 – ന്റെ 19-ാമത് പതിപ്പിനായുള്ള എൻട്രികൾ ക്ഷണിച്ചു. ദ പെപ്പർ ക്രിയേറ്റീവ് അവാർഡ്സ് ട്രസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ വർഷത്തെ അവാർഡ്സ് ദക്ഷിണേന്ത്യൻ ഏജൻസികളെ സംബന്ധിച്ച് ഒരു വലിയ അവസരമാണ്. 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലെ സൃഷ്ടികളാണ് പരിഗണിക്കുക. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 30 ആണ്. വിപണന വാർത്താ പ്ലാറ്റ്ഫോമായ ‘മാനിഫെസ്റ്റ്’ (Manifest) ന്റെ പങ്കാളിത്തമാണ് ഈ വർഷത്തെ പ്രധാന ആകർഷണം.
‘മാനിഫെസ്റ്റുമായുള്ള സഹകരണം, ദക്ഷിണേന്ത്യൻ സർഗ്ഗ സൃഷ്ടികളെ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ പറഞ്ഞു. ഈ വർഷം ദേശീയ അവാർഡുകൾക്ക് സമാനമായി പുതിയ കാറ്റഗറികൾ ചേർത്തിട്ടുണ്ട്. കൂടാതെ, ‘ഏജൻസി ഓഫ് ദി ഇയർ’, ‘അഡ്വർടൈസർ ഓഫ് ദി ഇയർ’ അവാർഡുകൾക്കൊപ്പം മികച്ച സൃഷ്ടികൾക്ക് പ്രത്യേക ജൂറി അവാർഡും നൽകുമെന്ന് പെപ്പർ അവാർഡ്‌സ് ചെയർമാൻ പി കെ നടേശ് പറഞ്ഞു.
അവാർഡുകളുടെ വിശ്വാസ്യത നിലനിർത്തുന്നത് അതിന്റെ ജൂറി പാനലാണ്. കാൻ, വൺ ഷോ, ഗോവഫെസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ വിധികർത്താക്കളായ പ്രമുഖരാണ് എല്ലാ വർഷവും പെപ്പർ അവാർഡ്സിലെ വിധികർത്താക്കൾ. ദക്ഷിണേന്ത്യൻ ആസ്ഥാനമായുള്ള പരസ്യ, ഡിജിറ്റൽ ഏജൻസികൾ, പരസ്യദാതാക്കൾ, മീഡിയ, പ്രൊഡക്ഷൻ ഹൗസുകൾ എന്നിവർക്ക് അവാർഡിനായി അപേക്ഷിക്കാം. എൻട്രികൾ www.pepperawards.com വഴി സമർപ്പിക്കണം. ഒക്ടോബർ 9 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് ഏർളി ബേർഡ് ഡിസ്‌കൗണ്ട് ലഭിക്കും. 2025 ഡിസംബർ ആദ്യവാരം കൊച്ചിയിലെ ലെ മെറിഡിയനിലാണ് അവാർഡ് ദാന ചടങ്ങ്. കൂടുതൽ വിവരങ്ങൾക്ക്: 75599 50909, 98460 50589.