ശ്രീനഗര്‍: പാകിസ്താനില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതുവരെ ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടില്ലെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഇന്ത്യയുമായുള്ള സൗഹൃദമാണ് പാക് ജനത ആഗ്രഹിക്കുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അപകടകരമായ അനന്തരഫലങ്ങള്‍ സൃഷ്ടിക്കുമെന്നും കശ്മീരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പ്രതികരിച്ചു.
“സംഘര്‍ഷാവസ്ഥയുണ്ട്, പക്ഷേ യുദ്ധമാണ് അവസാനവാക്കെന്ന് എനിക്ക് പറയാനാകില്ല. ഇരുരാജ്യങ്ങളുടേയും ഭരണത്തലവന്‍മാരാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്”, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഫാറൂഖ് അബ്ദുള്ള മറുപടി നല്‍കി. പാകിസ്താനില്‍ സൈനികനേതൃത്വത്തിലുള്ള ഭരണം അവസാനിക്കുകയും ജനകീയ സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്താല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനപരമായ ബന്ധം നിലവില്‍വരുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താതെയും സംഘര്‍ഷാവസ്ഥ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടാതെയും ഇന്ത്യയുമായി യുദ്ധം നടത്തി അവരുടെ ചുമതലകളില്‍ നിന്ന് ഒളിച്ചോടാനാണ് പാക് ഭരണകൂടം ശ്രമിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഇരുരാജ്യങ്ങളുടേയും കൈവശം ആണവായുധമുള്ളത് സാഹചര്യം അപകടകരമാക്കുന്നതായും ഇരുരാജ്യങ്ങളും അതുപയോഗിക്കാന്‍ തുനിഞ്ഞാല്‍ അനന്തരഫലം എന്താകുമെന്ന് ഈശ്വരന് മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.
കശ്മീര്‍ വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോയിരുന്നതെന്നും സംസ്ഥാനത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇരുരാജ്യങ്ങളും യുദ്ധത്തിനായി കോപ്പുകൂട്ടുകയാണെന്നും അതൊഴിവാക്കാനായി നടന്നുവരുന്ന ആഗോളശ്രമങ്ങള്‍ എത്രത്തോളം വിജയകരമാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.