ഈരാറ്റുപേട്ട: മത വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പിസി ജോർജിനെ നാലുമണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ട് ഈരാറ്റുപേട്ട കോടതി. രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇന്ന് വൈകുന്നേരം ആറുമണിവരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ആ സമയം കഴിഞ്ഞാൽ പിസിയെ വീണ്ടും മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും.
മത വിദ്വേഷ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ലായെന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി സമയം അവസാനിച്ചാൽ ഇന്നുതന്നെ പിസിയുടെ ജാമ്യാപേക്ഷ പരിഗണിക്കും. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ പിസി ജോർജ് ഇന്ന് രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയിൽ ഹാജരായത്. ചാനൽ ചർച്ചയിൽ മതവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് പിസി ജോർജിനെതിരെ കേസ് രജിസ്റ്റർചെയ്തിരുന്നത്.
മുൻകൂർ ജാമ്യം നിഷേധിച്ചതിനാൽ പിസിയെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കം മുന്നിൽക്കണ്ടാണ് പിസി ജോർജ് ബിജെപി പ്രവർത്തകർക്കൊപ്പം കോടതിയിലെത്തി കീഴടങ്ങിയത്.