പുണെ: കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഭാര്യയും ഭർത്താവും മരിച്ചു. പുണെയിലെ ഹദപ്‌സർ സ്വദേശികളായ ബാപ്പു കോംകർ (49), ഭാര്യ കാമിനി എന്നിവരാണ് മരിച്ചത്. ഓഗസ്റ്റ് 17 നാണ് ബാപ്പു കോംകർ മരിച്ചത്. നാല് ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 21 ന് ഭാര്യയും മരിച്ചു. കരൾ രോഗിയായിരുന്ന ബാപ്പുവിന് കരൾ ദാനം ചെയ്തത് ഭാര്യയായിരുന്നു. സംഭവത്തിൽ ശസ്ത്രക്രിയ നടന്ന ആശുപത്രിക്കെതിരെ കുടുംബാംഗങ്ങൾ രംഗത്ത് വന്നു. ഓഗസ്റ്റ് 15 ന് ഡെക്കാനിലെ സഹ്യാദ്രി ആശുപത്രിയിലാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. രണ്ട് പേരും മരിക്കാനിടയായ സാഹചര്യം ആശുപത്രി വ്യക്തമാക്കണമെന്ന് ബാപ്പുവിൻ്റെയും കാമിനിയുടെയും ബന്ധുക്കൾ ആവശ്യപ്പെടുന്നു.
ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ കുടുംബം വായ്പയെടുത്തിരുന്നു. ബാപ്പു ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്, കാമിനി വീട്ടമ്മയായിരുന്നു. ദമ്പതികൾക്ക് 20 വയസ്സുള്ള ഒരു മകനും ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു മകളുമുണ്ട്. സ്പെഷ്യാലിറ്റി ആശുപത്രിയായതിനാലാണ് സഹ്യാദ്രി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതെന്ന് കാമിനിയുടെ സഹോദരൻ ബൽരാജ് വഡേക്കർ പറയുന്നു. രോഗി മരിച്ചാലും ദാതാവ് എങ്ങനെ മരിക്കുമെന്നാണ് കുടുംബത്തിൻ്റെ ചോദ്യം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് കുടുംബം.
അതേസമയം ചികിത്സാ പിഴവ് ആരോപണം സഹ്യാദ്രി ആശുപത്രി നിഷേധിച്ചു. കരൾ മാറ്റിവയ്ക്കൽ ഏറ്റവും സങ്കീർണ്ണമായ ശസ്ത്രക്രിയകളിൽ ഒന്നാണെന്നും ബാപ്പു കരൾ രോഗത്തിൻ്റെ ഏറ്റവും അവസാന ഘട്ടത്തിലായിരുന്നുവെന്നും അവർ വിശദീകരിച്ചു. ശസ്ത്രക്രിയയിലെ അപകട സാധ്യതയെ കുറിച്ച് കുടുംബത്തിന് കൗൺസിലിംഗ് നൽകിയിരുന്നു. കരൾ മാറ്റിവച്ച ശേഷം ബാപ്പുവിന് ഹൃദയാഘാതമുണ്ടായെന്നും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അദ്ദേഹം മരിച്ചുവെന്നും ആശുപത്രി പറയുന്നു. കാമിനി സുഖം പ്രാപിക്കുന്നതിനിടെ ഹൈപ്പോടെൻസിവ് ഷോക്ക് ഉണ്ടായെന്നും ആന്തരികാവയവങ്ങൾ പ്രവർത്തന രഹിതമായെന്നുമാണ് ആശുപത്രി പറയുന്നത്.