തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. കണ്ണൂർ സ്വദേശിയായ ശ്രീഹരി (53) ആണ് ഇന്നു പുലർച്ചെ മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് കഴിഞ്ഞമാസം 19നാണ് ശ്രീഹരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്. എന്നാൽ ശ്രീഹരിക്ക് കൃത്യ സമയത്ത് ചികിത്സ നൽകിയില്ലെന്നും തറയിൽ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും സഹപ്രവർത്തകർ ആരോപിക്കുന്നു.
എന്നാൽ ഈ ആരോപണങ്ങൾ ആശുപത്രി അധികൃതർ തള്ളി. രോഗിക്ക് കൃത്യസമയത്ത് തന്നെ ചികിത്സ നൽകിയിരുന്നുവെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. ശ്രീഹരിയെ ആശുപത്രിയിൽ എത്തിച്ച ശേഷം കൂടെയുണ്ടായിരുന്നവർ മടങ്ങിയെന്നും കൂട്ടിരിപ്പുകാർ ഇല്ലാത്ത ഗണത്തിൽപ്പെടുത്തി എല്ലാ ചികിത്സയും നൽകിയെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് വിശദീകരിച്ചു. ചികിത്സാ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നതായും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.