ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവച്ചു. ഉച്ചയ്ക്ക് 2 മണിവരെയാണ് സഭ നിർത്തിവച്ചത്. ലോക്സഭയിൽ ചോദ്യോത്തര വേളയിലേക്ക് കടന്ന ഘട്ടത്തിലാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. പിന്നാലെ സഭയിൽ ചർച്ചകൾ അനുവദിക്കാത്തതിലൂടെ പ്രതിപക്ഷം പാർലമെന്റിന്റെ മൂല്യം കുറയ്ക്കുകയാണെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. പിന്നാലെ വീണ്ടും ബഹളം ഉയർന്നു. തുടർ നടപടികൾ തടസപ്പെട്ടതോടെ ഉച്ചക്ക് 2 മണിവരെ സഭ നിർത്തിവച്ചു.
അതേസമയം സഭയ്ക്കുള്ളിൽ സിഐഎസ്എഫ് സേനയെ വിന്യസിക്കുന്നുവെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ ആരോപിച്ചു. രാജ്യസഭ നിയന്ത്രിക്കുന്നത് ചെയർ ആണോ, അതോ അമിത് ഷാ ആണോ എന്ന് ഖർഗെ ചോദിച്ചു. ഇതോടെ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്ക്പോരായി. പാർലമെന്റ് നടപടികൾ തടസസ്സപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ജെ.പി. നഡ്ഡ പ്രതിപക്ഷത്തിനെതിരെ തിരിച്ചടിച്ചു.
കൂടാതെ മാർഷൽമാരെ മാത്രമേ സഭയ്ക്കുള്ളിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂവെന്നും ഖർഗെ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കേന്ദ്രമന്ത്രി കിരൺ റിജിജുവും പറഞ്ഞു. അതേസമയം ഇന്ന് രാവിലെ എൻഡിഎ പാർലമെന്ററി പാർട്ടി യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നു. ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നിവയിൽ വിജയം കുറിച്ച മോദിക്ക് വൻവരവേൽപ്പാണ് പാർലമെന്ററി പാർട്ടി യോഗത്തിൽ അംഗങ്ങൾ ലഭിച്ചത്. അതിനിടെ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ 2022ലെ ദേശീയ ഉത്തേജക വിരുദ്ധ നിയമത്തിലെ ഭേദഗതികൾ ഇന്ന് സഭയിൽ അവതരിപ്പിച്ചേക്കും. 2025 ലെ ദേശീയ കായിക ഭരണ ബില്ലും ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്.