പാലക്കാട്: അടക്കാപുത്തൂരിൽ കിണറ്റിൽ വീണ് യുവതി മരിച്ചു എന്ന ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് പാഞ്ഞെത്തിയതാ ചെർപ്പുളശ്ശേരി പോലീസ്. സ്ഥലത്തെത്തി നടത്തിയ പരിശോധനക്കിടയിൽ കിണറ്റിൽ നിന്ന് ചെറിയ അനക്കം ശ്രദ്ധയിൽപെട്ടു. ഉടൻ കിണറിൽ ഇറങ്ങി പരിശോധിച്ച് യുവതിക്ക് ജീവനുണ്ടെന്ന് ഉറപ്പാക്കി.
പോലീസിന്റെ നിർണായകമായ ഇടപെടലിൽ അടക്കാപുത്തൂർ സ്വദേശിനിക്ക് ലഭിച്ചത് പുതുജീവൻ. കേരളാ പോലീസിന്റെ ഫേസ്ബുക്കിൽ പേജിലൂടെയാണ് ഈ വാർത്ത പുറം ലോകമറിഞ്ഞത്. അവസരോചിതമായി കർത്തവ്യനിർവഹണം നടത്തിയ പ്രിയ സഹപ്രവർത്തകർക്ക് അഭിനന്ദനം അർപ്പിച്ചുകൊണ്ടാണ് പേജിൽ സംഭവം പങ്കുവെച്ചിട്ടുള്ളത്.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം;
പാലക്കാട് ചെർപ്പുളശ്ശേരി അടക്കാപുത്തൂരിൽ കിണറ്റിൽ വീണ് യുവതി മരിച്ചെന്ന ഫോൺ കാൾ സ്റ്റേഷനിൽ വന്നയുടനെ സംഭവസ്ഥലത്തേക്ക് പോലീസ് പാഞ്ഞെത്തി. സ്ഥലത്തെത്തിയപ്പോൾ കിണറിനുള്ളിൽ ചെറിയ അനക്കം ശ്രദ്ധയിൽപ്പെട്ട പോലീസ് ഉടൻ തന്നെ കിണറിൽ ഇറങ്ങി യുവതിയെ കരയിലേക്ക് കയറ്റി. സമയം പാഴാക്കാതെ ഹോസ്പിറ്റലിൽ എത്തിക്കാനായത് കൊണ്ട് തന്നെ ആ പെൺകുട്ടിയുടെ ജീവൻ തിരികെപിടിക്കാനായി.
അവസരോചിതമായി കർത്തവ്യനിർവഹണം നടത്തിയ പ്രിയ സഹപ്രവർത്തകരായ ചെർപ്പുളശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ ഷബീബ് റഹ്‌മാൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സുഭദ്ര, ശ്യംകുമാർ, സിവിൽ പോലീസ് ഓഫീസർ രതീഷ് എം. ആർ എന്നിവർക്ക് അഭിനന്ദനങ്ങൾ.