ന്യൂഡൽഹി: സിന്ധു നദീജലം തടഞ്ഞുനിർത്തിയാൽ സൈനിക ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ. ഡാമോ തടയണയോ നിർമിച്ചാൽ തകർക്കുമെന്നാണ് പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണി. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ നേരത്തെ എടുത്തിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പിറ്റേന്ന് തന്നെ ഇന്ത്യ അഞ്ചിലധികം നടപടികൾ പ്രഖ്യാപിച്ചിരുന്നു. അതിലൊന്നായിരുന്നു സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം. ഇതിലെ വ്യവസ്ഥകള്‍ അംഗീകരിക്കേണ്ടതില്ലെന്നും ഇന്ത്യ തീരുമാനിച്ചിരുന്നതാണ്. അതിന് ശേഷം പാകിസ്ഥാന്‍ പല തരത്തിലുള്ള ഭീഷണി മുഴക്കിയിരുന്നു.
ഈ കരാറിൽ നിന്ന് ഇന്ത്യ പിന്‍വാങ്ങിയാൽ അത് യുദ്ധമായി കണക്കാക്കും എന്ന് പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ഇന്ത്യ അവഗണിക്കുകയാണ് ചെയ്തത്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന് അമിത് ഷാ യോഗം വിളിക്കുകയും അതിന് ശേഷം ചില നിര്‍ദേശങ്ങള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. ഒരു ദീര്‍ഘകാല പദ്ധതിയും ഹ്രസ്വകാല പദ്ധതിയും ഇന്ത്യ ഈ വിഷയത്തിൽ തയ്യാറാക്കിയിട്ടുണ്ട്.