പാക്കിസ്ഥാന്റെ സാമ്പത്തിക തലവരതന്നെ മാറ്റിയെഴുതുന്ന അപൂർവ ധാതുക്കളുടെ സമ്പത്തുണ്ടെന്ന സർക്കാരിന്റെയും സൈനിക മേധാവി അസിം മുനീറിന്റെയും വാദങ്ങൾ വെറും തട്ടിപ്പെന്ന് ഓസ്ട്രേലിയ ആസ്ഥാനമായ മൈനിങ് നിരീക്ഷണ മാധ്യമമായ ഡിസ്കവറി അലേർട്ടിന്റെ റിപ്പോർട്ട്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പാക് സർക്കാരിന്റെ വെറും തന്ത്രം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
6 മുതൽ 8 ട്രില്യൻ ഡോളർ വരെ മൂല്യംകൽപ്പിക്കുന്ന (ഏതാണ്ട് 530 ലക്ഷം കോടി മുതൽ 710 ലക്ഷം കോടി രൂപവരെ ഇന്ത്യൻ രൂപ) അപൂർവ ധാതുക്കളുടെ ശേഖരം (റിസർവ്) രാജ്യത്തുണ്ടെന്നാണ് പാക്ക് സർക്കാരും സൈന്യവും അവകാശപ്പെട്ടിരുന്നത്. ഏതാനും മാസം മുൻപ് ധാതു സമ്പത്തുക്കളുടെ സാമ്പളുകളുമായി പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും അമേരിക്കയ്ക്ക് വണ്ടി കയറിയിരുന്നു.
അതേസമയം രാജ്യാന്തരതലത്തിലെ എൻഐ 43-101 സ്റ്റാൻഡേർഡ് പ്രകാരമുള്ള പഠനത്തിലൂടെയാണ് അപൂർവ ധാതുക്കളുടെ റിസർവ് ഉണ്ടെന്ന് തെളിയിക്കേണ്ടത്. മൂല്യനിർണയം, സാമ്പത്തിക കുതിച്ചുചാട്ടത്തിനുള്ള സാധ്യതകൾ എന്നിവയും ഇതുവഴി ഉറപ്പിക്കാനാകും. എന്നാൽ, ഇത്തരത്തിലുള്ള ഒരു പഠനവും പാക്കിസ്ഥാനിൽ നടന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ഇതിനിടെ അപൂർവ ധാതുക്കളുണ്ടെന്ന് (റെയർ എർത്ത് എലമെന്റ്സ്) പാക്കിസ്ഥാൻ പറയുന്നുണ്ടെങ്കിലും ഉൽപാദനം വട്ടപ്പൂജ്യമാണെന്ന് യുഎസിന്റെ ജിയോളജിക്കൽ സർവേ ഡേറ്റയും വ്യക്തമാക്കിയിരുന്നു. ചില നിരീക്ഷകർ പറയുന്നത് പാക്കിസ്ഥാനിൽ ഒരുലക്ഷം മുതൽ 4 ലക്ഷം ടൺവരെ റെയർ എർത്ത് ഉണ്ടാകാമെന്നതാണ്. അതാകട്ടെ, ഈ രംഗത്തെ പ്രമുഖ രാജ്യങ്ങളുടെ ധാതു സമ്പത്തുമായി താരതമ്യം ചെയ്യുമ്പോൾ കുറവുമാണ്.
അതേസമയം ചൈനയാണ് 4.4 കോടി ടൺ റെയർ എർത്ത് എലമെന്റ് റിസർവുമായി ലോകത്ത് ഏറ്റവും മുന്നിൽ. 2.2 കോടി ടണ്ണുമായി വിയറ്റ്നാം രണ്ടാമതാണ്. ബ്രസീൽ (2.1 കോടി ടൺ), റഷ്യ (2.1 കോടി ടൺ), ഇന്ത്യ (70 ലക്ഷം ടൺ), അമേരിക്ക (20 ലക്ഷം ടൺ) എന്നിവയാണ് ഈ രംഗത്ത് മുൻനിരയിലുള്ള മറ്റ് രാജ്യങ്ങൾ.
6-8 ട്രില്യൻ ഡോളർ ധാതു സമ്പത്തുണ്ടെന്ന് പറയുന്ന പാക്കിസ്ഥാന്റെതന്നെ 2020ലെ ഔദ്യോഗിക കണക്കുപ്രകാരം ഖനനമേഖലയുടെ മൂല്യം വെറും 6.5 ബില്യനാണ് (58,000 കോടി രൂപ). അതായത്, പാക്ക് സർക്കാരും സൈന്യവും പറയുന്ന വമ്പൻ കണക്കുകൾ രാഷ്ട്രീയ നേട്ടവും ആഗോള ശ്രദ്ധയും കിട്ടാനുള്ള വെറും പൊള്ളത്തരം മാത്രമാണെന്നും ജനങ്ങളെ മനപ്പൂർവം പറ്റിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

















































