കറാച്ചി: ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സെയ്ദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്താൻ. ലാഹോറിലെ വീട്ടിൽ പാകിസ്താൻ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിലെ മുൻ കമാൻ്റോകളെ വിന്യസിച്ചു. ഇന്ത്യൻ ആക്രമണ സാധ്യതകൾ പരിഗണിച്ചാണ് സുരക്ഷ വർധിപ്പിച്ചത്.
ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോര്‍ട്ടുകൾ വന്നതോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത് എന്നതാണ് റിപ്പോർട്ട്. മുൻപ് നിരവധി തവണ ഇന്ത്യ, ഹാഫിസ് സെയ്ദിനെതിരെ ശക്തമായ നിലപാടുകൾ വ്യക്തമാക്കിയിരുന്നു. ആ സാഹചര്യത്തിലാണ് പാകിസ്താൻ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
അതേസമയം പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള ടിആർഎഫിനെ പരസ്യമായി ന്യായീകരിച്ച് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധർ. യുഎൻ പ്രമേയത്തിൽ നിന്ന് ടിആർഎഫിന്റെ പേര് വെട്ടിയത് പാകിസ്താൻ ഇടപെട്ടതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്ഥാന്റേയും നാവിക സേനകൾ മുഖാമുഖം. ഇരു സേനകളും അടുത്തെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നു.