ലഹോർ: ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പ് (ഡബ്ല്യുസിഎൽ) ഫൈനലിൽ ദക്ഷിണാഫ്രിക്കയോടു തോറ്റതിനു പിന്നാലെ അടുത്ത വർഷം മുതൽ ഇത്തരം ടൂർണമെന്റുകളിൽ പങ്കെടുക്കില്ലെന്ന് പാക്ക് ക്രിക്കറ്റ് ബോർഡ് (പിസിബി). ഇത്തവണത്തെ ഡബ്ല്യുസിഎൽ ടൂർണമെന്റിൽ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തിൽ നിന്നും സെമി ഫൈനലിൽ നിന്നും ഇന്ത്യൻ ടീം പിൻമാറിയിരുന്നു. ഇത് ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കുന്നതല്ലെന്നും ടൂർണമെന്റ് അധികൃതർ ഇന്ത്യയുടെ പക്ഷം പിടിച്ചെന്നും ആരോപിച്ചാണ് ടൂർണമെന്റിൽ ഇനി പങ്കെടുക്കേണ്ടെന്ന് പാക്കിസ്ഥാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ടീം പാക്കിസ്ഥാനെതിരായ എല്ലാ മത്സരങ്ങളിൽ നിന്നും പിന്മാറിയത്. വിരമിച്ച ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്ത ഡബ്ല്യുസിഎല്ലി ദക്ഷിണാഫ്രിക്ക വിജയിച്ചതിനു പിന്നാലെയാണ് പാക്ക് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനമെത്തിയത്. ഫൈനലിൽ പാക്കിസ്ഥാനെ 9 വിക്കറ്റിനു തകർത്താണ് ദക്ഷിണാഫ്രിക്ക ചാംപ്യൻമാരായത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 16.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
60 പന്തിൽ പുറത്താകാതെ 120 റൺസ് നേടിയ എബി ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയമൊരുക്കിയത്. ടൂർണമെന്റിൽ ഡിവില്ലിയേഴ്സിന്റെ മൂന്നാം സെഞ്ചറിയാണിത്. ഡിവില്ലിയേഴ്സ് തന്നെയാണ് ഫൈനലിലെയും ടൂർണമെന്റിലെയും താരം. ഇന്ത്യ പിന്മാറിയതോടെയാണ് പാക്കിസ്ഥാൻ ഫൈനലിനു നേരിട്ടു യോഗ്യത നേടിയത്.