ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനിമിഷം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും പി. നാരായണനും (സാഹിത്യം, വിദ്യാഭ്യാസം) രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ. പത്മവിഭൂഷൺ ലഭിച്ച 5 പേരിൽ 3 പേരും മലയാളികളെന്നത് അഭിമാനം ഇരട്ടിയാക്കുന്നു. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോൻ, കൊല്ലക്കൽ ദേവകി അമ്മ എന്നിവർക്കാണ് പത്മശ്രീ. നടൻ ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു.
കൂടാതെ അങ്കെ ഗൗഡ (കർണാടക), അർമിഡ ഫെർണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്‌വദാസ് റായ്‌ക്വാർ (മധ്യപ്രദേശ്), ബ്രിജ് ലാൽ ഭട്ട് (ജമ്മു കശ്മീർ), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരൺ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാൽ യാദവ് (ഉത്തർപ്രദേശ്), ധാർമിക് ലാൽ ചുനിലാൽ (ഗുജറാത്ത്) തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചു.
അതേസമയം വി.എസിന് പത്മവിഭൂഷൺ ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് വി.എസ്. അച്യുതാനന്ദന്റെ മകന്റെ വി.എ. അരുൺകുമാർ പ്രതികരിച്ചു. കുടുംബം വലിയ സന്തോഷത്തോടെയാണ് ഈ ബഹുമതി സ്വീകരിക്കുന്നത്. നേരത്തെ അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല. അച്ഛന് അംഗീകാരം കിട്ടണമെന്ന ആഗ്രഹം എന്നുമുണ്ടാകും. അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രാഷ്ട്രീയത്തിൽ വന്നയാളാണ്. രാജ്യത്തിനു വേണ്ടി ജീവിച്ച വ്യക്തിയാണ്. ഇങ്ങനെയൊക്കെ കാര്യങ്ങൾ സംഭവിക്കുമ്പോഴാണ് വ്യക്തിപരമായ സന്തോഷമെന്നും അരുൺ കുമാർ പ്രതികരിച്ചു.















































