ആലപ്പുഴ: ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യപ്രവർത്തനം നടത്തിയ സംഭവത്തിൽ ഉടമയും മാനേജരും അറസ്റ്റിൽ. ആര്യാട് പഞ്ചായത്ത് ആറാം വാർഡ് പൊക്കത്തെ വീട്ടിൽ അജിത് കുമാർ (ഉണ്ണി), പത്തനംതിട്ട നെടുമൺ എഴംകുളം പഞ്ചായത്ത് കണിയാരുവിള വീട്ടിൽ ബിജിനി സാജൻ എന്നിവരാണ് പിടിയിലായത്. ആര്യാട് പഞ്ചായത്ത് ആറാം വാർഡ് സർഗാ ജങ്ഷന് കിഴക്കുഭാഗത്തുള്ള ലക്സ്സ് എന്ന ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
അജിത് കുമാറാണ് ഹോംസ്റ്റേ നടത്തിയിരുന്നത്. ബിജിനി ഇവിടത്തെ മാനേജരാണ്. ഹോംസ്റ്റേയിൽ അനധികൃതമായി പാർപ്പിച്ചിരുന്ന അഞ്ചു സ്ത്രീകളെ വനിതാസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സ്ത്രീകളെ എത്തിച്ച് അനാശാസ്യപ്രവർത്തനം നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നോർത്ത് പോലീസാണ് പരിശോധന നടത്തിയത്.