എംജെ ഫിലിംസിൻ്റെ ബാനറിൽ കെഎൻ ബൈജു കഥ, തിരക്കഥ, സംഭാഷണം, ക്യാമറ, മ്യൂസിക്, എഡിറ്റിങ് എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഓർമ്മയിൽ എന്നും”. ഈ ചിത്രത്തിൻ്റെ ഷൂട്ടിങ് കോട്ടയത്തും പരിസര പ്രദേശങ്ങളിലും പുരോഗമിക്കുന്നു.
യു എസ് സിറ്റിസനായ ഗോപീകൃഷ്ണൻ റിട്ടയർ ജീവിതത്തിനിടയിൽ തൻ്റെ പ്രിയ സുഹൃത്തായ തോമസിനെ കാണാൻ നാട്ടിലെത്തുന്നു. പരമ്പരാഗത കൃഷിക്കാരനായ തോമസിന് തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന കൃഷി നാശത്താലും മറ്റും ഭീമമായ നഷ്ടം സംഭവിച്ച് കടക്കെണിയിലകപ്പെട്ട് നട്ടം തിരിയുകയാണ്. അയാളുടെ ദുഃഖങ്ങളുടെ തീഷ്ണതയിൽ ഒരു താങ്ങായി നില്‍ക്കുന്നത് ഭാര്യ ത്രേസ്യമ്മയും കൊച്ചുമകൾ ആമിയുമാണ്.
ഗോപീകൃഷ്ണൻ്റെ വരവോടെ തോമസിന് ഒരു വലിയ ആശ്വാസമാകുകയും അവരുടെ ബാല്യകാല സൗഹൃദം ഒന്നു കൂടെ അരക്കിട്ട് ഉറപ്പിക്കുകയും ചെയ്യുന്നു. ഒരിക്കൽ ഗോപീകൃഷ്ണന് ആ നാടും കൂട്ടുകാരും താൻ പഠിച്ച കോളേജുമൊക്കെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായിരുന്നു. ദൗർഭാഗ്യകരമായ ചില സംഭവങ്ങൾ കാരണം അയാൾക്ക് നാടുവിടേണ്ടി വന്നു. തൻ്റെ ഭൂതകാലത്ത് സംഭവിച്ച കയ്പേറിയ യാതനകളുടെ കണക്ക് പുസ്തകവും കയ്യിലേന്തി ഒരു തീക്കനലായി തോമസിൻ്റെ വീട്ടിലെത്തുന്ന ഗോപീകൃഷ്ണൻ്റെ ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെ സസ്പെൻസും ത്രില്ലറും പ്രണയവും ഇടകലർന്ന് ‘ഓർമ്മയിൽ എന്നും’ എന്ന ചിത്രം കടന്നു പോകുന്നു.
ഇതിൽ ഗോപീകൃഷ്ണനായി എം ജെ ജേക്കബ്ബും തോമസായി നാകു കോടിമതയും അഭിനയിക്കുന്നു. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ബനാറസ്സി ബാബു എന്ന ചിത്രത്തിൽ വളരെ പ്രാധാന്യമായ വേഷം കൈകാര്യം ചെയ്യുന്ന ബോംബെ നിവാസിയായ ബാലതാരം ഹെയ്സൽ ആമിയായി അഭിനയിക്കുന്നു. കൂടാതെ, സലാം കുന്നത്തൂർ, സലാമുദ്ദീൻ വർക്കല, ഇർഷാദ്അലി, അൻസാരി കോട്ടയം, ജിസ്മി ജോൺ, മിനി സുരേഷ്, ജിൻസി ചിന്നപ്പൻ, നയന, നിമിഷ ശ്രീകുമാർ തുടങ്ങിയവരും അഭിനയിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം, മ്യൂസിക്, ക്യാമറ, സംവിധാനം കെ എൻ ബൈജു. നിർമ്മാണം എം ജെ ജേക്കബ്ബ് മാമ്പറ, എക്സിക്യുട്ടിവ് പ്രൊഡ്യൂസർ നാരായണൻകുട്ടി.ഗാനങ്ങൾ രാജീവ് ആലുങ്കൽ, ആലാപനം ബിജു നാരായണൻ, മധു ബാലകൃഷ്ണൻ, മേക്കപ്പ് സെയ്തലവി മണ്ണാർക്കാട്, ആർട്ട് എസ് കെ, അരുൺ എസ് കല്യാണി, കോസ്റ്റ്യൂംസ് തംബുരു, സ്റ്റിൽസ് പ്രശാന്ത് ശ്രെയ, പ്രൊഡക്ഷൻ എക്സിക്യുട്ടിവ് ശ്രീകുമാർ, മെസ് റിയാസ് പാളാന്തോടൻ, യൂണിറ്റ് ഔട്ട് ഡോർ അദിസ് സിനി ലൈറ്റ്സ്, ക്യാമറയൂണിറ്റ് ക്യാൻ്റീസ് ക്യാമറ,
പി ആർ ഒ ഷെജിൻ ആലപ്പുഴ.