ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ഐതിഹാസികമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലോക്സഭയിൽ. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റിയുള്ള 16 മണിക്കൂർ ചർച്ചയ്ക്ക് ലോക്സഭയിൽ തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് വളരെ വ്യക്തമാണ്. അതിനുള്ള മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. 22 മിനിറ്റിൽ നമ്മൾ ലക്ഷ്യം കണ്ടു. അതോടെയാണ് ആക്രമണം നിർത്തിയത്. ഇതുകണ്ടു ഭയന്ന പാക്കിസ്ഥാൻ ചർച്ചയ്ക്ക് തയ്യാറായി. പാക്കിസ്ഥാൻ തോൽവി സമ്മതിച്ചു- രാജ്നാഥ് സിങ് പറഞ്ഞു.
അതേസമയം രാജ്നാഥ് സിങ്ങിന്റെ പ്രസംഗത്തിനിടെ മധ്യസ്ഥരില്ലായിരുന്നോയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു ബാഹ്യസമ്മർദമില്ലെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ മറുപടി. എത്ര വിമാനങ്ങൾ വീണെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. നമ്മുടെ ഒരു സൈനിക കേന്ദ്രത്തെയും തൊട്ടിട്ടില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചുവെന്നും യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദത്തെ തള്ളിയാണ് പ്രതിരോധ മന്ത്രി പാർലമെന്റിൽ മറുപടി നൽകിയത്.
ഓപ്പറേഷൻ സിന്ദൂറിലൂടെ സേനയുടെ മഹത്വവും ധീരതയും ലോകം അറിഞ്ഞു. സൈനിക ബലത്തെ നമിക്കുന്നു. കേവലമൊരു സൈനിക നടപടി മാത്രമായിരുന്നില്ല അന്നു നടന്നത്. ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടിയായിരുന്നു അത്. 9 തീവ്രവാദ കേന്ദ്രങ്ങൾ കൃത്യമായി ഇന്ത്യ തകർത്തു. നൂറിലധികം ഭീകരരെ വധിച്ചു. ലഷ്‌കറെ തയിബ, ഹിസ്ബുൾ മുജാഹിദീൻ സംഘടനകളുടെ ആസ്ഥാനങ്ങൾ തകർത്തു. പാക്കിസ്ഥാൻ സൈന്യത്തിന്റെയും ഐസ്ഐയുടെയും പിന്തുണ അവർക്കുണ്ടായിരുന്നു. മേയ് 7ന് രാത്രി 1.05നാണ് ഓപ്പറേഷൻ സിന്ദൂർ ദൗത്യം ആരംഭിച്ചത്. പ്രധാനമന്ത്രി നടപടികൾ ഏകോപിപ്പിച്ചുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
മെയ് 10 ന് പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ മിസൈലുകൾ, ഡ്രോണുകൾ, റോക്കറ്റുകൾ, മറ്റ് ദീർഘദൂര ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് വലിയ തോതിലുള്ള ആക്രമണം നടത്തിയെന്നും രാജ്‌നാഥ് പറഞ്ഞു. എന്നാൽ ഇന്ത്യയുടെ കര, വായു, സേനകൾ ശക്തമായ മറുപടി നൽകി. ആധുനിക യുദ്ധസംവിധാനങ്ങൾ ഇന്ത്യ പ്രയോജനപ്പെടുത്തി. ഓപ്പറേഷൻ സിന്ദൂർ പ്രതിരോധമായിരുന്നു, പ്രകോപനമായിരുന്നില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്ന ശക്തമായ സന്ദേശം ആണ് രാജ്യം നൽകിയത്. നമ്മുടെ സുരക്ഷാ ക്രമീകരണങ്ങൾ അജയ്യമായിരുന്നു, എല്ലാ ആക്രമണങ്ങളും പരാജയപ്പെടുത്തിയെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.