ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ ചെറിയ യുദ്ധമെന്ന് പറഞ്ഞ് കളിയാക്കി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം വീണ്ടും ആവർത്തിച്ചു. ഏപ്രിൽ 22ലെ ആക്രമണത്തിന് മുമ്പ് പ്രധാനമന്ത്രിയുടെ കശ്മീർ സന്ദർശനം റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ ആരോപണം. എന്നാൽ ‘പഹൽഗാം ആക്രമണം ചെറുക്കാൻ മോദി സർക്കാരിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖാർഗെയുടെ വാക്കുകൾ ഇങ്ങനെ- വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാൻ സർക്കാരിന് സാധിക്കാത്തതിനാലാണ് പഹൽഗാമിൽ 26 പേരുടെ ജീവൻ നഷ്ടമായത്. കൂടാതെ ഇന്റലിജൻസ് ഏജൻസികൾ ആവശ്യപ്പെട്ടതിനാൽ മോദി കശ്മീരിൽ പോയില്ല. പക്ഷെ എന്തുകൊണ്ട് കേന്ദ്ര സർക്കാർ വിനോദ സഞ്ചാരികളോട് പഹൽഗാമിലേക്ക് പോകരുതെന്ന് പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ 26 പേരുടെ ജീവൻ രക്ഷിക്കാമായിരുന്നു’, കർണാടകയിലെ വിജയനഗരയിലെ കോൺഗ്രസ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അതേസമയം കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി നടത്തിയ വർഗീയപരാമർശം അന്വേഷിക്കാൻ മധ്യപ്രദേശ് സർക്കാർ പ്രത്യേക സംഘം രൂപീകരിച്ചു. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ഐജി, ഡിഐജി, എസ്പി എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷിക്കുക. ഇക്കാര്യം ഡിജിപി ചൊവ്വാഴ്ച സുപ്രീംകോടതിയെ അറിയിക്കും.
മാത്രമല്ല വിജയ് ഷായുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. രാജ്യം നിങ്ങളെയോർത്ത് ലജ്ജിക്കുന്നുവെന്നും ക്ഷമാപണം മുതലക്കണ്ണീരാകാമെന്നുമാണ് കോടതി വിമർശിച്ചത്. മന്ത്രിയുടെ ക്ഷമാപണം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. തുടർന്ന് മന്ത്രിയുടെ ഹർജിയിൽ മധ്യപ്രദേശ് സർക്കാരിന് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.