ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ തങ്ങളുടെ ‘ബൗദ്ധികകേന്ദ്രം’പൂർണമായും തകർന്ന് കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർന്നുവെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെഷ്കറെ തോയ്ബ. മുരിദ്‌കയിലെ ആസ്ഥാനത്തിലേക്ക് മേയ് 6-ന് ഇന്ത്യ നടത്തിയ ആക്രമണം ഭീകരസംഘടനയുടെ കമാൻഡർ ഹാഫിസ് അബ്ദുൾ റൗഫ് ആണ് സ്ഥിരീകരിച്ചത്. മർക്കസെ തോയ്ബ എന്നറിയപ്പെട്ടിരുന്ന തങ്ങളുടെ ആസ്ഥാനം പൂർണ്ണമായും തകർന്നു വെന്ന് ഹാഫിസ് അബ്ദുൾ റൗഫ് വിശദീകരിച്ചു.
അന്നു നടന്ന ആക്രമണം വളരെ കനത്തതായിരുന്നുവെന്നും കോംപ്ലക്സ് പൂർണ്ണമായും നാമാവശേഷമായെന്നും റൗഫ് സമ്മതിച്ചു. ആ സ്ഥലം പൂർണമായും നശിച്ചു, അവിടെ ഒരാൾക്ക് ഇരിക്കാൻ പോലും സാധിക്കില്ലെന്നും റൗഫ് കൂട്ടിച്ചേർത്തു. ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആക്രമണം ലക്ഷ്യം തെറ്റിയിട്ടില്ല എന്നതിൻ്റെ ഏറ്റവും നേരിട്ടുള്ള സ്ഥിരീകരണമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
അതേസമയം യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണ് റൗഫ്. പാക് സൈന്യം സ്പോൺസർ ചെയ്ത ലോഞ്ച്പാഡുകളിൽ ഭീകരരെ പരിശീലിപ്പിക്കുകയും അവരെ വിന്യസിക്കുകയും ചെയ്യുന്നതിൽ റൗഫ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മുൻപ് നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ശുശ്രൂഷകൾക്ക് റൗഫ് നേതൃത്വം നൽകിയിരുന്നു. അന്നത്തെ ചിത്രങ്ങൾ വൈറലായിരുന്നു. മാസങ്ങൾക്ക് ശേഷം, മുരിദ്‌കയിൽ എന്താണ് ഉണ്ടായിരുന്നത്, അവിടെ എന്താണ് നഷ്ടപ്പെട്ടത് എന്നതിനെക്കുറിച്ചുള്ള വിവരമാണ് റൗഫിന്റെ വിശദീകരണത്തിൽ നിന്നു ലഭ്യമായിരിക്കുന്നത്.
2025 ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. അതുപോലെ ആക്രമണകാരികൾ ചൈനീസ് നിർമ്മിത ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത് പാക് ആസ്ഥാനമായുള്ള ഭീകര സംഘടനകളിലേക്കാണ് വിരൽ ചൂണ്ടിയത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പാക്കിസ്ഥാനും ലെഷ്കറെ തോയ്ബയും ചൈനീസ് ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചുവെന്ന് റൗഫ് സമ്മതിച്ചിരുന്നു. എന്നാൽ നാശനഷ്ടങ്ങളെ കുറിച്ച് വ്യക്തമാക്കിയിരുന്നില്ല.
അതേസമയം റൗഫ് ചൈനയെ പ്രശംസിക്കുകയും ചെയ്തു. പഹൽഗാം സംഭവത്തിന് ശേഷം പാക്കിസ്ഥാന് ചൈന സഹായം നൽകിയിരുന്നു എന്നും റൗഫ് പറഞ്ഞു. ജനുവരി 15-ന്, പുതിയതായി പരിശീലനം ലഭിച്ച ഭീകരർക്കായി ഒരു പാസ്സിങ് ഔട്ട് ചടങ്ങ് മാർക്കസെ തോയ്ബെ കോംപ്ലക്സിൽ നടന്നിരുന്നു. ഈ ചടങ്ങിൽ റൗഫും ഹാഫിസ് സഈദിൻ്റെ മകൻ ഹാഫിസ് തൽഹ സഈദും ലഷ്‌കറിൻ്റെ ഡെപ്യൂട്ടി ചീഫ് സെയ്ഫുള്ള കാസൂരിയും ഉൾപ്പെടെയുള്ള ഉന്നത കമാൻഡർമാർ പങ്കെടുത്തിരുന്നു.















































