ന്യൂഡൽഹി: പാക് അധീന കശ്മീരിലേയും പാക്കിസ്ഥാനിലേയും ഭീകരതാവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചൈന രംഗത്ത്. ദയവായി ആണവശക്തികളായ അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷാവസ്ഥയിൽ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു കാര്യം മനസിലാക്കണം ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം വേർപെടുത്താൻ പറ്റാത്ത അയൽരാജ്യങ്ങളാണ്, അവർ ചൈനയുടേയും അൽക്കാരാണ്. മാത്രമല്ല നിലവിലെ സ്ഥിതിയിൽ ആശങ്കയുണ്ട്. എല്ലാത്തരത്തിലുമുള്ള ഭീകരവാദത്തെയും ചൈന എതിർക്കുന്നുവെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് പ്രസ്താവനയിൽ അറിയിച്ചു. സമാധാനത്തിനും സ്ഥിരതയ്ക്കും മുൻതൂക്കം നൽകണമെന്നും നിലവിലെ സ്ഥിതി വഷളാവാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം അമേരിക്കയും ഐക്യരാഷ്ട്രസഭയും ഇസ്രയേലും നിലവിലെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യമാണുളളതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. പ്രശ്നം എത്രയും വേഗം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു. സംഘർഷാവസ്ഥയിൽ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസും ആശങ്ക അറിയിച്ചിട്ടുണ്ട്. അതേസമയം, ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ഇസ്രായേൽ രംഗത്തെത്തി. ഭീകരാക്രമണത്തിൽ തിരിച്ചടിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ഇസ്രായേൽ അറിയിച്ചു.