കൊല്ലം: സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയതാണെന്നും ആദ്യം ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതി ചേർത്തതാണെന്നും ആർ. ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷാ മോഹൻദാസ്. ആ കുടുംബത്തിനുണ്ടായ ബുദ്ധിമുട്ടിൽ തനിക്ക് ഖേദമുണ്ടെന്നും അവർ പറഞ്ഞു.
ആദ്യഭാര്യ നൽകിയ ഗാർഹികപീഡന പരാതിയിൽ ഉമ്മൻചാണ്ടി ഇടപെട്ടില്ലായിരുന്നെങ്കിൽ ഗണേഷ് കുമാറിന് അന്ന് ജയിലിൽ പോകേണ്ടിവരുമായിരുന്നു. ജയിലിൽ പോയാരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ ഇപ്പോൾ മന്ത്രിപദത്തിലെത്താനോ ഗണേഷിനു കഴിയുമായിരുന്നില്ല. എന്നാൽ പിന്നീട് മന്ത്രിസ്ഥാനം തിരികെ നൽകാത്തത് ഗണേഷിന് ഉമ്മൻചാണ്ടിയോടുള്ള പകയ്ക്ക് ഇടയാക്കി.
സോളാർ കേസിൽ ആരോപണങ്ങളടങ്ങിയ കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നു. അത് താൻ കണ്ടതാണ്. ആ കത്തിൽ ഉമ്മൻചാണ്ടിയെക്കുറിച്ച് പരാമർശമൊന്നും ഉണ്ടായിരുന്നില്ല. ആ പേര് പിന്നീട് കൂട്ടിച്ചേർത്തതാണ്. സോളാർ കേസുമായും കത്തുമായും ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെന്നും ഉഷ വെളിപ്പെടുത്തി.
ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗണേഷ്‌കുമാർ ഗൂഢാലോചന നടത്തിയെന്ന ആരോപണം വീണ്ടുമുയരുന്ന പശ്ചാത്തലത്തിലാണ് സഹോദരി ഉഷാ മോഹൻദാസിന്റെ സുപ്രധാന വെളിപ്പെടുത്തൽ. സോളാർ കേസുമായും കത്തുമായും ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. ഇത്രയുംകാലം ഇതൊന്നും പറയാതിരുന്നതാണെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
അതേസമയം സഹോദരിയുമായിയുണ്ടായ തർക്കത്തിൽ ആദ്യ രണ്ടര വർഷം മന്ത്രി സ്ഥാനത്തു നിന്ന് മാറ്റി നിർത്തപ്പെട്ട വ്യക്തിയായിരുന്നു കെബി ഗണേഷ്കുമാർ. മുഖ്യമന്ത്രിക്ക് ഉഷാ മോഹൻദാസ് പരാതി നൽകിയതിനെ തുടർന്നാണ് മന്ത്രി സ്ഥാനം നൽകാൻ മുഖ്യമന്ത്രിയും ആദ്യം മടിച്ചത്. പിന്നീട് ഘടകകക്ഷികളുടെ ധാരണപാലിക്കാൻ ഇടതുമുന്നണി തയാറായപ്പോഴാണ് രണ്ടര വർഷം കഴിഞ്ഞ് മന്ത്രി സ്ഥാനം ഗണേഷ്കുമാറിനു ലഭിച്ചത്.
ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ, സ്വത്തുക്കൾ കെബി ഗണേഷ് കുമാറിന്റെ പേരിൽ നൽകിയിരുന്നു. എന്നാൽ ഈ വിൽപത്രത്തിലെ ആർ ബാലകൃഷ്ണപിള്ളയുടെ ഒപ്പുകൾ വ്യാജമാണെന്നുകാണിച്ചാണ് സഹോദരി ഉഷാ മോഹൻദാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എന്നാൽ പിന്നീട് ഈ വാദം തെറ്റാണെന്നും വിൽപത്രത്തിൽ കൊടുത്തിരിക്കുന്ന ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്നും സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട് പുറത്തുവരികയായിരുന്നു.
















































