തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ രംഗത്ത്. തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ടാക്കിയത് ഉമ്മൻ ചാണ്ടിയാണെന്ന് കെബി ഗണേഷ് കുമാർ ആരോപിച്ചു. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാറിന്റെ ആരോപണം.
അതേസമയം തന്റെ പിതാവിനെ ഗണേഷ് കുമാർ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മൻ എംഎൽഎയുടെ ആരോപണത്തിനു മറുപടിയായാണ് മറുആരോപണവുമായി ഗണേഷ് കുമാർ രംഗത്തെത്തിയത്.
‘തെരഞ്ഞെടുപ്പ് വന്നതോടെയാണ് ഉമ്മൻചാണ്ടിയെ ദ്രോഹിച്ചുവെന്ന് പുതിയ കഥ. ഇത്രയും കാലം ഉമ്മൻചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന് അറിയാത്തൊരു രഹസ്യം തെരഞ്ഞെടുപ്പിന് തലേന്ന് ആരെ പറ്റിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. ഉമ്മൻചാണ്ടി എന്നെ ദ്രോഹിച്ചതിന് കുഴപ്പമൊന്നുമില്ലേ? എന്റെ കുടുംബം തകർത്ത് എന്റെ മക്കളെയും എന്നെയും രണ്ട് വഴിക്കാക്കിയ ദുഷ്ടത്തരത്തിന് ഉമ്മൻചാണ്ടി മറുപടി പറയുമോ? ഉമ്മൻചാണ്ടിയുടെ മകൻ മറുപടി പറയുമോ? ഉമ്മൻചാണ്ടിയല്ലേ എന്നെ ചതിച്ചത്. എന്ത് കുറ്റം ചെയ്തിട്ടാണ് 2003 ൽ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത്. എന്റെ പേരിൽ ഏത് കേസ് ആണുള്ളത്. ഒരു കുടുംബവഴക്കിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെപ്പിച്ച് തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചു’, കെ ബി ഗണേഷ് കുമാർ പറഞ്ഞു.
അതേസമയം സോളാർക്കേസിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ ബി ഗണേഷ് കുമാർ ആണെന്ന് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ ആരോപിച്ചിരുന്നു. പത്തനാപുരം മാങ്കോട് നടന്ന രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.’മന്ത്രി കെ ബി ഗണേഷ്‌കുമാർ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല. എന്റെ പിതാവും ആർ ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അത്രയ്ക്കും ദൃഢമായിരുന്നു. ഗണേഷ്‌കുമാറിന്റെ അമ്മയെ ഞാൻ ആന്റിയെന്നാണ് വിളിക്കാറ്. എന്നെ സ്‌നേഹിച്ചതു പോലെയാണ് ഗണേഷ്‌കുമാറിനെയും അപ്പൻ സ്‌നേഹിച്ചത്. എന്നിട്ടും സോളർ കേസിൽ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായി. അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസിലാക്കുന്നത്’- എന്നായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്.













































