ഗ്ലോബല്‍ വെല്‍ത്ത് ഇന്റലിജന്‍സ് കമ്പനിയായ ആള്‍ട്രാറ്റയുടെ ഡാറ്റയെ അടിസ്ഥാനമാക്കി വാള്‍ സ്ട്രീറ്റ് ജേണല്‍ പട്ടികപ്പെടുത്തിയ സൂപ്പര്‍ ബില്യണയര്‍മാരില്‍ വാള്‍മാര്‍ട്ടിന്റെ ആലീസ് വാള്‍ട്ടണ്‍, കോച്ച് ഇന്‍ഡസ്ട്രീസിന്റെ ജൂലിയ കോച്ച്, ലോറിയിലിന്റെ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്‌സ് എന്നീ മൂന്ന് വനിതകള്‍ മാത്രമാണ് ടോപ്പ് 24 പട്ടികയില്‍ ഇടം നേടിട്ടുളളത്. ശതകോടീശ്വരന്മാരുടെ എണ്ണം പെരുകുന്നതിനാല്‍ അതിസമ്പന്നരെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ പുതുതായി രൂപപ്പെട്ട വിഭാഗമാണ് സൂപ്പര്‍ ശതകോടീശ്വരന്മാര്‍.
ആസ്തി 50 ബില്യണ്‍ ഡോളറോ അതില്‍ കൂടുതലോ ഉളളവരെയാണ് സൂപ്പര്‍ ബില്യണയര്‍ എന്നു പറയുന്നത്. 16 പേര്‍ സെന്റി-ബില്യണേഴ്സിന്റെ വിഭാഗത്തിലാണ് ഉളളത്. ആസ്തി കുറഞ്ഞത് 100 ബില്യണ്‍ ഡോളറുളളവരെയാണ് സെന്റി-ബില്യണയര്‍ എന്നു പറയുന്നത്. 419.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നേട്ടത്തില്‍ എത്തിയിരിക്കുന്നത് ടെക് കോടീശ്വരനായ ഇലോണ്‍ മസ്‌ക് ആണ്. ഇന്ത്യന്‍ വ്യവസായത്തിലെ പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരും പട്ടികയിലുണ്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തി 90.6 ബില്യണ്‍ ഡോളറും, അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗൗതം അദാനിയുടെ ആസ്തി 60.6 ബില്യണ്‍ ഡോളറുമാണ്. ഇലോണ്‍ മസ്‌ക്, ആമസോണിന്റെ ജെഫ് ബെസോസ്, എല്‍വിഎംഎച്ചിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ട്, ഒറാക്കിളിന്റെ ലോറന്‍സ് എലിസണ്‍, മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആല്‍ഫബറ്റിന്റെ സെര്‍ജി ബിന്‍ എന്നിവരാണ് പട്ടികയില്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ ഉളളവര്‍.