കൊച്ചി: എതിർപ്പുകളെ മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർഥിയാക്കി സിപിഐ. പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ നിന്നാകും നിമിഷ മത്സരിക്കുക. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ പരാതി നൽകിയ വനിതാ നേതാവാണ് നിമിഷ രാജു. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ശക്തമായ എതിർപ്പിനെ മറികടന്നാണ് നിമിഷ രാജുവിനെ സിപിഐ സ്ഥാനാർഥിയാക്കിയത്.
നിമിഷയുടെ സ്ഥാനാർഥിത്വത്തെ സംഘടനകൾ എതിർത്തതിനു പിന്നിൽ എംജി സർവകലാശാലയിൽ 2021 ഒക്ടോബറിൽ സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷമാണ്. അന്ന് ആർഷോയ്ക്ക് എതിരെ നിമിഷ പോലീസിൽ പരാതി നൽകുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സർവകലാശാലയിലെ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം എസ്എഫ്ഐ – എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ആ സമയം സ്ഥലത്തുണ്ടായിരുന്ന ആർഷോ സംഘർഷത്തിനിടെ തന്നെ ജാതിപ്പേരു വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നുമാണ് നിമിഷ അന്നു ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയത്. നിമിഷ ഇപ്പോൾ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്.



















































