മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇത്തവണ പുതുമുഖങ്ങളെ ഇറക്കി കളംപിടിക്കാനുള്ള ശ്രമത്തിലാണ് ഇടതുപാർട്ടികൾ. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീർ വഴിക്കടവ് ഡിവിഷനിൽനിന്ന് മത്സരിക്കും. നിലവിലെ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷറോണോ റോയ് ചുങ്കത്തറ ഡിവിഷനിൽനിന്ന് ജനവിധി തേടും. പുതുമുഖങ്ങളെ കളത്തിലിറക്കി മലപ്പുറത്ത് മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ഇടത്മുന്നണി. ഇതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഇത്തവണ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചു.
അതേസമയം മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റ് പിടിക്കാൻ എസ്എഫ്ഐ നേതാവിനെയാണ് എൽഡിഎഫ് കളത്തിലിറക്കിയത്. എം ജെ തേജനന്ദയെന്ന 22കാരിയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് തിരുനാവായ ഡിവിഷനിൽനിന്നും പാർട്ടിക്കായി ജനവിധി തേടുന്നത്.
ഇതിനിടെ പൂക്കോട്ടൂർ ഡിവിഷനിൽ ജനതാദൾ എസിന് സ്ഥാനാർത്ഥിയെ കണ്ടെത്താനായില്ല. ഇതോടെ ഈ ഡിവിഷൻ സിപിഐഎം ഏറ്റെടുത്തു. വനിതാ സംവരണ ഡിവിഷനായ ഇവിടെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ റംസീന പി മത്സരിക്കും. വഴിക്കടവ്- പി ഷബീർ, ചുങ്കത്തറ- അഡ്വ ഷറോണ സാറാ റോയ്, വണ്ടൂർ-ബി മിനികല, മേലാറ്റൂർ- അഡ്വ മുഹമ്മദ് സമീർ, അങ്ങാടിപ്പുറം- കെ ദിലീപ്, കൊളത്തൂർ- പി കെ ഷബീബ, ആനക്കയം- അഡ്വ ബേനസീർ, തൃക്കലങ്ങോട്-അബ്ദുൾ ജസീർ, കാടാമ്പുഴ- സജിത ഇ എം, കുറ്റിപ്പുറം- അഡ്വ കെ ഷഹാന പർവ്വീൻ, തവനൂർ- കെ ശാമിലി, ചങ്ങരംകുളം- കെ വി ഷഹീർ, തിരുന്നാവായ-എം ജെ തേജനന്ദ, പൊന്മുണ്ടം- ടി നിയാസ്, താനാളൂർ- കെ പി രാധ, നന്നമ്പ്ര- കെ പി കെ തങ്ങൾ, പൂക്കോട്ടൂർ – റംസീന പി, തേഞ്ഞിപ്പലം- പി വി അബ്ദുൾ വാഹിദ്, പുളിക്കൽ-എം കെ വസന്ത, വാഴക്കാട്- എൻ പ്രമോദ് ദാസ്, എടവണ്ണ- മുഹമ്മദ് സഫ്‌വാൻ സി എം, മക്കരപ്പറമ്പ്- പി ടി ഷഹീദ, മംഗലം- സി എം ജസീന.



















































