പ്യോങ്‌യാങ്: സ്തനവലിപ്പം കൂട്ടുന്നതിനും മറ്റ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്കും എതിരെ ഉത്തര കൊറിയ. ബ്രെസ്റ്റ് ഇംപ്ലാന്റ് നടത്തിയ സർജനെയും രണ്ട് സ്ത്രീകളെയും ഉത്തര കൊറിയൻ ഭരണകൂടം പരസ്യമായി വിചാരണ ചെയ്തു.
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നിർദേശമനുസരിച്ച് അയൽപക്ക നിരീക്ഷണ സംഘങ്ങളും രഹസ്യാന്വേഷണ വിഭാഗവും സ്തനവലിപ്പം വർദ്ധിപ്പിക്കുന്ന ശസ്ത്രക്രിയക്ക് വിധേയരായെന്ന് സംശയിക്കുന്ന സ്ത്രീകളെ കണ്ടെത്തുകയാണെന്ന് ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്യുന്നു. സ്തനവലിപ്പം കൂട്ടുന്നതിനുള്ള ശസ്ത്രക്രിയകളെ സോഷ്യലിസ്റ്റ് വിരുദ്ധമായാണ് ഭരണകൂടം കാണുുന്നത്. രാജ്യത്ത് ഈ ശസ്ത്രക്രിയകൾ നിയമപരമല്ല.
പരസ്യ വിചാരണയ്ക്ക് വിധേയരായ രണ്ട് സ്ത്രീകളും 20 വയസിനു മുകളിലുള്ള യുവതികളാണ്.ചൈനയിൽനിന്ന് രഹസ്യമായി കടത്തിയ സിലിക്കൺ ഉപയോഗിച്ചാണ് സർജൻ വീട്ടിൽവച്ച് ശസ്ത്രക്രിയ നടത്തിയത്.രണ്ട് സ്ത്രീകൾക്കും കർശനമായ ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകിയ ജഡ്ജി സംഘടനയോടും കൂട്ടായ്മയോടും കൂറ് പുലർത്തുന്നതിന് പകരം അവർ പൊങ്ങച്ചത്തിൽ മുഴുകി സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെ തകർക്കുന്ന വിഷച്ചെടികളായി മാറിയെന്ന് പറഞ്ഞു.