കണ്ണൂര്‍: കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ പിളര്‍പ്പുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ തനിക്കൊരു പരാതിയുമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെപിസിസി നേതൃത്വത്തില്‍ അനിശ്ചിതത്വം പാര്‍ട്ടിക്കുള്ളിലുണ്ടെങ്കിലും അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാനില്ലെന്ന നിലപാടിലാണ് സുധാകരന്‍. അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു. ഹൈക്കമാന്റിന്റെ എന്തു തീരുമാനവും അനുസരിക്കുമെന്നും മാറ്റിയാല്‍ എന്താണ് കുഴപ്പമെന്നും ഹൈക്കമാന്റിന് മാറ്റണം എന്നാണെങ്കില്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു. തനിക്കൊരു പരാതിയുമില്ലെന്നും താന്‍ തൃപ്തനാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഇപ്പോഴും സുധാകരന് എതിരെയാണ് നിലകൊള്ളുന്നത്. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം വരുന്നതിനു മുമ്പ് വരെ സുധാകരനെതിരെ നേതാക്കള്‍ പരസ്യമായിതന്നെ രംഗത്ത് വന്നിരുന്നു. പുനഃസംഘടനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെ അതിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. അതേസമയം അതിന്റെ ആവശ്യമില്ലെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞതിനുശേഷം അത്തരത്തിലുള്ള തര്‍ക്കങ്ങള്‍ അല്‍പ്പം ഒതുങ്ങിയ മട്ടാണ്.