പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്. യുവതിയുടെ ബന്ധുവായ ഒരു കുട്ടിയ്ക്ക് കൂടി പനി ബാധിച്ചു. യുവതിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 208 പേരാണുള്ളത്.
നിപയുടെ സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ അവലോകന യോഗം ചേർന്നു. യുവതിക്ക് 2 ഡോസ് മോണോ ക്ലോണൽ ആൻറി ബോഡി നൽകിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. സമ്പർക്ക പട്ടികയിൽ പനി ബാധിച്ച് 12 പേരാണ് ചികിത്സയിലുള്ളത്.
ഇതിനിടെ നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ മലപ്പുറത്ത് സമ്പർക്ക പട്ടികയിലും 461 പേർ ആകെ സമ്പർക്ക പട്ടികയിലും ഉണ്ടെന്ന് വീണ ജോർജ് പറഞ്ഞു.
27 പേർ ഹൈറിസ്ക്കിലാണ്. അഞ്ചു ജില്ലകളിലായി ഇതുവരെ പരിശോധിച്ച 46 പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.