പാലക്കാട്: നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നിമിഷയുടെ ഭർത്താവ്. മാധ്യമങ്ങളിലും അല്ലാതെയും ഇത്തരം വ്യാജ പ്രചാരണങ്ങളുണ്ട്. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റേന്തോ താത്പര്യങ്ങള്‍ ഉള്ളതായാണ് കരുതുന്നതെന്ന് നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് പറഞ്ഞു.
ഇന്ന് രാവിലെയും പ്രേമകുമാരിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോമിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ടോമി പ്രതികരിച്ചു.
ടോമി തോമസിന്റെ വാക്കുകൾ ഇങ്ങനെ-
നിമിഷയുടെ അമ്മ് യെമനില്‍ തടവിലോ, വീട്ടുതടങ്കലിലോ, ആരുടെയെങ്കിലും കസ്റ്റഡിയിലോ അല്ല. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി ഹോള്‍ഡര്‍ ആയ സാമുവല്‍ ജെറോമിന്റെ സംരക്ഷണയില്‍ തന്റെ അറിവും സമ്മതത്തോടും കൂടിയാണ് അവര്‍ തുടരുന്നത്. അതുപോലെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നല്‍കിയ 40,000 ഡോളര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ട് വഴിയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. ഈ പണം യമനില്‍ കേസ് നടത്തുന്നതിനായി ഇന്ത്യന്‍ സർക്കാർ നിയമിച്ച യമനി വക്കീലിന്റെ ചിലവുകള്‍ക്ക് വേണ്ടിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കേസ് അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ യാതൊരു വിവാദങ്ങള്‍ക്കും സ്ഥാനമോ സമയമോ ഇല്ല. നിമിഷപ്രിയയുടെ മോചനം മാത്രമാണ് താന്‍ ലക്ഷ്യമിടുന്നത്. അതിനായി ഇതുവരെ ലഭിച്ച എല്ലാ സഹായങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായെന്ന പേരിൽ പണം പിരിച്ച മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറ്റിക്കുകയായിരുന്നെന്ന ആരോപണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ ഫത്താഹ് അബ്ദുൾ മഹ്ദിയും അഡ്വ. സുഭാഷ് ചന്ദ്രനും രംഗത്തെത്തിയിരുന്നു. ബിബിസിയിൽ അവകാശപ്പെട്ടത് പോലെ സാമുവൽ ജെറോം അഭിഭാഷകനല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മധ്യസ്ഥതയുടെ പേരിൽ സാമുവൽ ജെറോം പലരിൽ നിന്നും പണം പിരിക്കുകയാണെന്നും എന്നാൽ ഇയാൾ മധ്യസ്ഥതയ്ക്കായി തങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്നും മഹ്ദി പറയുന്നു.
കഴിഞ്ഞ ഡിസംബർ അവസാനം മുതൽ സാമുവേൽ ജെറോം നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഭാഗമല്ലയെന്നാണ് ഫേസ് ബുക്കിലൂടെ അഡ്വ. സുഭാഷ് ചന്ദ്രൻ അറിയിച്ചിരുന്നു. ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നത് നിമിഷയുടെ മോചനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണെന്നും അഡ്വ. സുഭാഷ് ചന്ദ്രൻ പറയുന്നു. സാമൂവൽ ജെറോം 2024 ഡിസംബർ തൊട്ട് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഭാഗമല്ല. രണ്ടാംഘട്ടത്തിൽ ആവശ്യപ്പെട്ട 20000 ഡോളർ ഡിസംബർ 27 ന് ആക്ഷൻ കൗൺസിൽ എംബസി മുഖേന ട്രാൻസ്ഫർ ചെയ്തു നൽകിയ ഉടനെ, ഡിസംബർ 28 ന് അദ്ദേഹം സ്വമേധയാ കൗൺസിലിന്റെ ഗ്രൂപ്പിവിട്ട് പുറത്തുപോയിയെന്നും ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ തിരക്കിയതാണ് പ്രകോപനമെന്നും കുറിപ്പിൽ പറയുന്നു.