യെമൻ പൗരനെ വധിച്ച കേസിൽ യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് ലഭിച്ച ദുരൂഹ ഫോൺകോൾ സന്ദേശം വ്യാജമെന്ന് സ്ഥിരീകരണം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ലെന്ന് സനാ ജയില്‍ അധികൃതർ അറിയിച്ചതായി യെമനിലെ ഇന്ത്യന്‍ എംബസിയാണ് സ്ഥിരീകരിച്ചത്. ജയിലില്‍ കഴിയുന്ന നിമിഷപ്രിയയ്ക്ക് വനിതാ അഭിഭാഷകയുടേത് എന്ന പേരിൽ ഫോണ്‍കോള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ വിശദീകരണം.
വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന് അറിയിച്ചായിരുന്നു ഫോണ്‍ സന്ദേശം. വധശിക്ഷയുടെ തീയതി തീരുമാനിച്ചതായി അഭിഭാഷക പറഞ്ഞെന്ന് നിമിഷപ്രിയ വ്യക്തമാക്കിയിരുന്നു. അമ്മയ്ക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് നിമിഷപ്രിയ, അഭിഭാഷകയുടെ ഫോൺകോൾ വന്ന വിവരം അറിയിച്ചത്. നിലവിൽ യെമന്റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ.
‘‘അരമണിക്കൂർ മുൻപ് ഒരു ഫോൺ കോൾ വന്നു. അതൊരു ലോയർ സ്ത്രീയുടേതാണ്. ജയിൽ ഓഫിസിലേക്കു വിളിച്ചിട്ട് നിമിഷപ്രിയയുമായി സംസാരിക്കണമെന്നു പറഞ്ഞു. ചർച്ചയുടെ കാര്യങ്ങളൊക്കെ എന്തായെന്ന് അവർ ചോദിച്ചു. ഒന്നുമായില്ല, കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് അവർ പറഞ്ഞത് വധശിക്ഷയുടെ ഓർഡർ ഇവിടെ ജയിൽ വരെ എത്തിയിട്ടുണ്ടെന്ന്. ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല. എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്. എന്താണ്? എന്തെങ്കിലും അറിഞ്ഞോ? സാമുവൽ സാറിനോട് ഒന്നു പറഞ്ഞേക്ക്.’’– ശബ്ദസന്ദേശത്തിൽ നിമിഷ പറഞ്ഞു. എന്നാൽ ആരാണ് ഈ വനിതാ അഭിഭാഷക എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, റമസാൻ മാസത്തിൽ നടപടിക്ക് സാധ്യതയില്ലെന്നു മനുഷ്യാവകാശ പ്രവർത്തകനും മോചനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ആളുമായ സാമുവൽ ജെറോം പ്രതികരിച്ചിരുന്നു.
2009 ലാണു പാലക്കാട് സ്വദേശിനി നിമിഷപ്രിയ നഴ്സായി യെമനിൽ ജോലിക്കെത്തിയത്. 2012 ൽ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. വൈകാതെ ടോമിയും യെമനിലെത്തി. അവിടെവച്ചു മകൾ മിഷേൽ ജനിച്ചു. മകളുടെ മാമോദീസാച്ചടങ്ങുകൾക്കായി 2014ൽ നിമിഷപ്രിയയും ടോമിയും കേരളത്തിലെത്തി. ഇവരുടെ സുഹൃത്തു കൂടിയായിരുന്ന തലാൽ അബ്ദുമഹ്ദിയും നാട്ടിലേക്കുള്ള യാത്രയിൽ ഒപ്പമുണ്ടായിരുന്നു. സ്വദേശിയായ തലാലിനെ സ്പോൺസറാക്കി യെമനിൽ ക്ലിനിക് ആരംഭിക്കാനുള്ള പദ്ധതികൂടി നിമിഷയ്ക്കും ഭർത്താവിനുമുണ്ടായിരുന്നു. നിമിഷയും തലാലും യെമനിലേക്കു മടങ്ങി. പിന്നീടു മടങ്ങാനിരുന്ന ടോമിക്കു യെമനിൽ യുദ്ധം രൂക്ഷമായതോടെ മടങ്ങാനായില്ല.
2015ൽ സനായിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ ക്ലിനിക് ആരംഭിച്ച നിമിഷ ആഭ്യന്തരയുദ്ധ കാലഘട്ടത്തിൽ കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക ചൂഷണങ്ങളിലൂടെ കടന്നുപോയെന്നു സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ പ്രതിനിധികൾ പറയുന്നു. ക്ലിനിക്കിലെ യെമൻ പൗരയായ മറ്റൊരു ജീവനക്കാരിയുമായി ചേർന്നു തലാലിനെ കൊലപ്പെടുത്തിയെന്ന കേസിൽ 2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകൾ വിവിധ കോടതികൾ തള്ളി. ‘ബ്ലഡ്‌മണി’ നൽകി നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല.