കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ ഇടപെടലിനെതുടർന്ന് യെമനിൽ സുപ്രധാന യോഗം ചേർന്നു. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്. സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ യെമൻ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. രാത്രി വൈകിയും ചർച്ച നടന്നു. ചൊവ്വാഴ്ച രാവിലെ ചർച്ച തുടരും.
ഹബീബ് അബ്ദുറഹ്മാന്‍ മഷ്ഹൂറിന്റെ നേതൃത്വത്തിലുള്ള ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം കൊല്ലപ്പെട്ട തലാലിന്റെ നാടായ ഉത്തര യെമനിലെ ദമാറില്‍ തന്നെ തുടരുകയാണ്. ചര്‍ച്ചകള്‍ ആശാവഹമാണെന്നും ചൊവ്വാഴ്ച നടക്കുന്ന തുടര്‍ ചര്‍ച്ചയില്‍ സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചു.
യെമനിൽ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ അവസാനവട്ട ശ്രമങ്ങൾ നടത്തുന്നത്. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാൽ ദയാധനം നൽകാൻ സാവകാശം ലഭിക്കും.
ഇതിനിടെ നിമിഷപ്രിയയുടെ മോചനം സാധ്യമാവുമെങ്കിൽ സഹായം നൽകാൻ തയാറാണെന്ന് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കുടുംബവും നിയമസഹായ സമിതി ട്രസ്റ്റും വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായി ബോബി ചെമ്മണൂരും മോചനത്തിനുള്ള ശ്രമം തുടരുന്നുണ്ട്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് സേവ് നിമിഷപ്രിയ കൗണ്‍സിൽ നിവേദനം നൽകി.