മലപ്പുറം: നിലമ്പൂരിൽ പാർട്ടിക്ക് സ്ഥാനാർഥിയുണ്ടാകില്ലെന്ന് ഏകദേശം വ്യക്തമായതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വതന്ത്രർക്കായി വലവീശിയെറിഞ്ഞ് ബിജെപി. സഖ്യകക്ഷികളായ ബിഡിജെഎസും മത്സരിക്കാൻ വിമുഖത കാണിച്ചതോടെ മറ്റു പാർട്ടികളിലെ മത്സരിക്കാൻ ആഗ്രഹിക്കുന്ന, നേതൃത്വവുമായി അൽപം അകൽച്ചയുള്ള നേതാക്കളെ ബിജെപി കണ്ണുവെച്ചിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞദിവസം ബിജെപി നേതാവ് എംടി രമേശ് ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസഫിനെ കാണുകയുണ്ടായി. അവർക്കു സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്തതായും അവരത് നിരസിക്കുകയും ചെയ്തുവെന്നാണ് സൂചന.
മാത്രമല്ല നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എംടി രമേശ് ചർച്ച നടത്തിയിരുന്നുവെന്ന് അഡ്വ. ബീന ജോസഫ് ഇന്ന് മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മറ്റൊരാൾക്കൊപ്പമാണ് എംടി രമേശ് വന്നത്. സ്ഥാനാർഥി ചർച്ച നടന്നില്ലെന്ന് പറയാൻ ആവില്ലെന്നും ബീന ജോസഫ് പ്രതികരിച്ചു. ഇതിവു പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ബീന ജോസഫ് കൂടിക്കാഴ്ച നടത്തി. സതീശൻ വിളിപ്പിച്ചതനുസരിച്ചാണ് ബീന എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെന്ന് ബീന പറഞ്ഞു.
അതേസമയം നിലമ്പൂരിൽ മത്സരത്തിനില്ലെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും സ്വതന്ത്ര സ്ഥാനാർഥികളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ പാർട്ടി നടത്തിവരുന്നുണ്ട്. ഇതിനിടെയാണ് കോൺഗ്രസ് വനിതാ നേതാവിനെ തന്നെ ബിജെപി നേതാക്കൾ സമീപിച്ചത്. നിലമ്പൂരിൽ മത്സരിക്കാൻ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള നേതാവ് കൂടിയാണ് ബീന ജോസഫ്. എന്നാൽ താൻ യുഡിഎഫ് സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങുമെന്നും ബീന വ്യക്തമാക്കി.
‘എംടി രമേശ് വന്നു ചർച്ച നടത്തി എന്നത് ശരിയാണ്. അദ്ദേഹം പറഞ്ഞതും ചർച്ച ചെയതതുമായി കാര്യങ്ങൾ പൂർണ്ണമായും പരസ്യപ്പെടുത്തുന്നത് ശരിയല്ല. നിലമ്പൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു. പാർട്ടിയാണ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്. ബിജെപിക്കായി മത്സരിക്കാനില്ല. രഹസ്യമായി പറഞ്ഞ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. മഞ്ചേരി നഗരസഭയിൽ ബിജെപിയെ ആണ് മത്സരിച്ച് പരാജയപ്പെടുത്തിയത്. ജനപ്രതിനിധിയാകാൻ സാധിക്കുമെന്ന് ജനങ്ങൾ ബോധ്യമുള്ളത് കൊണ്ടാണ് മൂന്ന് തവണ തിരഞ്ഞെടുത്തത്’ ബീന പ്രതികരിച്ചു.
കൂടാതെ സ്ഥാനാർഥി വിഷയത്തിൽ ബിജെപിയുമായി ചർച്ചയ്ക്ക് പോകില്ല. അവർ വീണ്ടും സമീപിക്കുമോ എന്ന് അറിയില്ല. കോൺഗ്രസുകാരിയായി തുടരാനാണ് ആഗ്രഹിക്കുന്നത്. നിലമ്പൂരിൽ യുഡിഎഫിന് വേണ്ടി പ്രവർത്തിക്കാനും സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിക്കാനുമാണ് തന്റെ തീരുമാനമെന്നും ബീന മാധ്യമങ്ങളോട് പറഞ്ഞു.