കൊച്ചി : കേരളത്തിൽ വിവിധയിടങ്ങളിൽ യോഗാ പരിശീലനം, കായിക വിദ്യാഭ്യാസം എന്നിവയുടെ മറവിൽ നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് പരിശീലനം നൽകിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എതിരാളികളെ ഇല്ലാതാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിനാണ് പിഎഫ്ഐ ഇത്തരത്തിൽ പരിശീലനംനല്കിയത്. സംസ്ഥാനത്ത് 9 ഇടങ്ങളിലായി ബുധനാഴ്ച നടത്തിയ റെയ്ഡിൽ പിഎഫ്ഐ നടത്തിയ ഗൂഡാലോചനയ്ക്കും കുറ്റകൃത്യത്തിനുമുള്ള കൂടുതൽ തെളിവുകളും രേഖകളും കണ്ടെത്തിയതായി എൻഐഎ വാർത്താക്കുറിപ്പിൽ പറയുന്നു. 2022ൽ റജിസ്റ്റർ ചെയ്ത (യുഎപിഎ) കേസിന്റെ അടിസ്ഥാനത്തിലുള്ള തുടർ അറസ്റ്റുകളുടെ ഭാഗമായാണ് വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തിയത്.
രാവിലെ 5 മണി മുതൽ ചാവക്കാട്, പാലക്കാട്, മലപ്പുറം, പെരുമ്പാവൂർ, പറവൂർ, വൈറ്റില തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. വിവിധ യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട് പ്രതികൾക്കു സഹായം നൽകിയവരുടെയും പിഎഫ്ഐ ഭാരവാഹികളുടെയും അനുഭാവികളുടെയും വീടുകൾ പരിശോധിച്ചു. ഇതേതുടർന്ന് മൊബൈൽ ഫോൺ, ലാപ്ടോപ്, ഡേറ്റ ശേഖരണ ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.
ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണം ശേഖരിക്കുക, യുവാക്കൾക്കു ആയുധപരിശീലനം നൽകുക, കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയാറാക്കി ആക്രമിക്കുക തുടങ്ങിയവ പിഎഫ്ഐ നടത്തിവരുന്നുണ്ട്. ഇതിനായി റിപ്പോർട്ടേഴ്സ് വിങ്, ഫിസിക്കൽ ആൻഡ് ആംസ് ട്രെയിനിങ് വിങ്, എതിരാളി ഉന്മൂലനത്തിനായി സർവീസ് ടീംസ് അല്ലെങ്കിൽ ഹിറ്റ് ടീംസ് എന്നിവക്ക് പിഎഫ്ഐ രൂപം കൊടുത്തിരുന്നതായി കൂടുതൽ തെളിവുകൾ ലഭിച്ചെന്നും എൻഐഎ പറയുന്നു.
പരിശോധന നടന്ന ഇടങ്ങളിലെ മുഴുവൻ പേരെയും കേസിൽ പ്രതിചേർക്കില്ലെന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിത്തമുള്ളവരെ മാത്രമേ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളു എന്നും എൻഐഎ വ്യക്തമാക്കി.















































