കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടിയിൽ ദേശീയ അന്വേഷണ ഏജൻസിക്ക് വൻ തിരിച്ചടി. സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി റദ്ദാക്കി. ഇതു പോപ്പുലര്ഡ ഫ്രണ്ടിനുതന്നെ തിരിച്ചുനൽകാൻ ഉത്തരവായി. ഉടമകളും ഒരു സംഘം ട്രസ്റ്റിമാരും നൽകിയ ഹർജിയിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സമിതിയുടെ തീരുമാനം എൻഐഐ കോടതി റദ്ദാക്കുകയായിരുന്നു. മാത്രമല്ല പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തിന് ഈ സ്വത്തുക്കൾ ഉപയോഗിക്കുന്നു എന്ന എൻഐഐ വാദവും കോടതി തളളി.
ഇതോടെ ജപ്തി ചെയ്ത പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനം എന്ന് കണക്കാക്കുന്ന മഞ്ചേരി ഗ്രീൻ വാലി ഫൗണ്ടേഷന്റെ കീഴിലുള്ള പത്ത് ഹെക്ടർ ഭൂമിയും മറ്റിടങ്ങളിലെ പള്ളികളും കെട്ടിടങ്ങളും തിരിച്ചുകിട്ടും. ആലപ്പുഴയിലെ ആലപ്പി സോഷ്യൽ കൾച്ചറൽ ട്രസ്റ്റ്, കരുനാഗപ്പള്ളിയിലെ കാരുണ്യ ഫൗണ്ടേഷൻ, പന്തളം എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയും ചാവക്കാട് മൂന്ന് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളും മാനന്തവാടിയിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റിന് കീഴിലെ ഭൂമി, ആലുവയിലെ അബ്ദുൾ സത്താർ ഹാജി മൂസ സെയ്ത്ത് പള്ളി പരിസരം, പട്ടാമ്പിയിലെ ഷോപ്പിംഗ് കോംപ്ലക്‌സ്, കോഴിക്കോട് മീഞ്ചന്തയിലെ കെട്ടിടം എന്നിവയാണ് വിട്ടുനൽകാൻ ഉത്തരവിട്ടത്.
അതേസമയം പോപ്പുലർ ഫ്രണ്ട് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്ന എൻഐഎ അവകാശവാദത്തെ തുടർന്നായിരുന്നു സ്വത്തുക്കൾ കണ്ടുകെട്ടാൻ നേരത്തെ ആവശ്യപ്പെട്ടത്. ചിലയിടങ്ങളിൽ വാടകയുടെ അടിസ്ഥാനത്തിൽ ഉൾപ്പെടെ ഈ സ്ഥലങ്ങൾ പിഎഫ്‌ഐ ഓഫീസുകളായി പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. പിഎഫ്‌ഐ നേതാക്കളായിരുന്നവർ ബോർഡ് ട്രസ്റ്റികളായിരുന്ന് നേരിട്ട് മേൽനോട്ടം വഹിക്കുന്നുവെന്നായിരുന്നു ഗ്രീൻ വാലി ഫൗണ്ടേഷനെതിരായ കണ്ടെത്തൽ. കാമ്പസ് പോപ്പുലർ ഫ്രണ്ടിന്റെ കേഡർമാരെ പരിശീലിപ്പിക്കാനും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും നിർമ്മിക്കുന്നതിനും ആണ് ഉപയോഗിക്കുന്നത് എന്നും എൻഐഎ ആരോപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടും എൻഡിഎഫും നിലവിൽ വരുന്നതിന് മുൻപ് സ്ഥാപിച്ചതാണ് കണ്ടുകെട്ടിയ സ്വത്തുക്കൾ എന്ന വാദം കോടതി അംഗീകരിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെയായിരുന്നു എൻഐഎ നടപടി.