വാഷിങ്ടൺ: ആണവായുധങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള കരാറിൽ ഇറാൻ ചർച്ചയ്‌ക്ക് തയ്യാറാകുന്നില്ലെങ്കിൽ അടുത്ത ആക്രമണം ഇതിലും ഭീകരമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ശക്തമായ ഭാഷയിൽ ഇറാനെ ഭീഷണിപ്പെടുത്തിയത്.
വിമാനവാഹിനി കപ്പൽ യുഎസ്എസ് അബ്രഹാം ലിങ്കൺ നയിക്കുന്ന വൻ അമേരിക്കൻ നാവിക സേന പ്രദേശത്തേക്ക് നീങ്ങുകയാണെന്നും, ആവശ്യമെങ്കിൽ വേഗത്തിലും ശക്തിയോടെയും ദൗത്യം നിർവഹിക്കാൻ സജ്ജമാണ് എന്നും ട്രംപ് കുറിച്ചു. ആണവായുധങ്ങളെക്കുറിച്ച് ന്യായവും സമവായപരവുമായ ഒരു കരാറിനായി ഉടൻ തന്നെ ചർച്ചാമേശയിലേക്കെത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. സമയം അത്യന്തം വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് നടന്ന യുഎസ് ആക്രമണമായ ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ പരാമർശിച്ച ട്രംപ്, മുൻപുണ്ടായ പിഴവുകൾ ആവർത്തിക്കരുത്. അടുത്ത ആക്രമണം ഇതിലും ഭീകരമായിരിക്കു” എന്നും മുന്നറിയിപ്പ് നൽകി. ഇതിനിടെ, ചർച്ചകൾക്കുള്ള യുഎസ് ആഹ്വാനം ഇറാൻ തള്ളി. “സൈനിക ഭീഷണിയിലൂടെ നടത്തുന്ന നയതന്ത്രം ഫലപ്രദമോ പ്രയോജനകരമോ അല്ലായെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയുടെ പ്രതികരണം. ഭീഷണികളും അമിത ആവശ്യങ്ങളും സംഭാഷണത്തിന് വഴിയൊരുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രൂത്തിൽ ട്രംപ് കുറിച്ചതിങ്ങനെ-
‘ഇറാനിലേക്ക് ഒരു വലിയ അർമാഡ നീങ്ങുന്നു. അത് വളരെ ശക്തിയോടെയും, ഉത്സാഹത്തോടെയും, ലക്ഷ്യബോധത്തോടെയും വേഗത്തിലാണ് നീങ്ങുന്നത്. വെനിസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയ വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കൺ നയിക്കുന്ന ഒരു വലിയ കപ്പൽപ്പടയാണിത്. വെനിസ്വേലയെപ്പോലെ, അത് തയ്യാറാണ്, സന്നദ്ധനാണ്, ആവശ്യമെങ്കിൽ വേഗതയും അക്രമവും ഉപയോഗിച്ച് അതിന്റെ ദൗത്യം വേഗത്തിൽ നിറവേറ്റാൻ കഴിയും.
ഇറാൻ വേഗത്തിൽ “മേശയിലേക്ക് വരുമെന്ന്” പ്രതീക്ഷിക്കുകയും എല്ലാ കക്ഷികൾക്കും നല്ലതും ന്യായയുക്തവുമായ ഒരു കരാർ – ആണവായുധങ്ങൾ വേണ്ട – ചർച്ച ചെയ്യുകയും ചെയ്യും. സമയം അതിക്രമിച്ചിരിക്കുന്നു, അത് ശരിക്കും സാരാംശമാണ്! ഞാൻ മുമ്പ് ഒരിക്കൽ ഇറാനോട് പറഞ്ഞതുപോലെ, ഒരു കരാർ ഉണ്ടാക്കുക! അവർ അങ്ങനെ ചെയ്തില്ല, ഇറാന്റെ വലിയ നാശം “ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ” ആയിരുന്നു. അടുത്ത ആക്രമണം അതിലും വളരെ മോശമായിരിക്കും! അത് വീണ്ടും സംഭവിക്കരുത്. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി! പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്’
അതേസമയം ഇറാനിലെ ആഭ്യന്തര അശാന്തിക്കിടെ അമേരിക്ക– ഇറാൻ സംഘർഷം ദിനംപ്രതി കൂടുതൽ രൂക്ഷമാകുകയാണ്. സർക്കാർ നടപടികൾക്കെതിരായ പ്രതിഷേധങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. മനുഷ്യാവകാശ സംഘടനയായ HRANAയുടെ കണക്കുകൾ പ്രകാരം 6,200ലധികം പേർ—ഭൂരിഭാഗവും പ്രതിഷേധക്കാർ—കൊല്ലപ്പെട്ടിട്ടുണ്ട്. 42,000ലധികം പേർ അറസ്റ്റിലായതായും റിപ്പോർട്ടുണ്ട്.
അതേസമയം, ഇറാൻ യുഎസിനോട് അടുപ്പമുള്ള അറബ് രാജ്യങ്ങളുമായി പിൻവാതിൽ നയതന്ത്ര ചർച്ചകളും തുടരുകയാണ്. ചൊവ്വാഴ്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുമായി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി സംസാരിച്ചു. ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദെലാത്തി, ഇറാൻ വിദേശകാര്യ മന്ത്രി അറാഖ്ചിയുമായും യുഎസ് ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായും വേറിട്ട ചർച്ചകളും നടത്തി.
ഇതിനിടെ മൂന്ന് യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ യുഎസ്എസ് എബ്രഹാം ലിങ്കൺ ചൊവ്വാഴ്ച പശ്ചിമേഷ്യയിൽ പ്രവേശിച്ചിരുന്നു. യുഎസ്- ഇറാൻ ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പശ്ചിമേഷ്യയിലേക്ക് യുഎസ് യുദ്ധക്കപ്പലുകളും എത്തിയത്. ഇതിനുപിന്നാലെയാണ് ട്രംപിന്റെ ഭീഷണി.















































