പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ തനിക്ക് യാഥൊരു കുറ്റബോധമില്ലെന്ന് ആവർത്തിച്ച് പ്രതി ചെന്താമര. തന്റെ കുടുംബം നശിപ്പിച്ചത് അറിയില്ലേയെന്നും തന്റെ മകളെ പഠിപ്പിക്കാനായില്ലെന്നും മറ്റുള്ളവരുടെ സഹായത്തോടെയാണ് മകളെ പഠിപ്പിച്ചതെന്നും ചെന്താമര മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച രണ്ടാംദിവസത്തെ തെളിവെടുപ്പ് പൂർത്തിയാക്കിയശേഷമായിരുന്നു ചെന്താമരയുടെ പ്രതികരണം.
‘എനിക്ക് കുറ്റബോധമില്ല. എന്റെ കുടുംബത്തെ നശിപ്പിച്ചു, അതറിയില്ലേ. 2010-ൽ വീട് വെച്ചിട്ട് ആ വീട്ടിൽ ഒന്നു കയറി ഇരിക്കാൻ പറ്റിയിട്ടില്ല. മകൾ എൻജിനീയറാണ്. അവളെ പഠിപ്പിക്കാൻ കഴിഞ്ഞില്ല”, ചെന്താമര പോലീസ് ജീപ്പിലിരുന്ന് മാധ്യമങ്ങളോട് പറഞ്ഞു. നെന്മാറ ഇരട്ടക്കൊലപാതകത്തിൽ തുടർച്ചയായ രണ്ടാംദിവസവും പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തുടർന്ന് കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ബുധനാഴ്ച വൈകീട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത പ്രതിയെ പിന്നീട് വിയ്യൂർ ജയിലിലേക്ക് മാറ്റി.
ഏതാനും ദിവസങ്ങൾക്കു മുൻപ് നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിൽ സുധാകരൻ(56), അമ്മ ലക്ഷ്മി(75) എന്നിവരെയാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാനും കുടുംബം തകരാനും കാരണം സജിതയും സുധാകരനുമാണെന്നാണ് ചെന്താമര വിശ്വസിച്ചിരുന്നത്. ഇതായിരുന്നു കൊലയ്ക്ക് കാരണം.
സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയശേഷമാണ് അതേ കുടുംബത്തിലെ രണ്ടുപേരെ കൂടി ചെന്താമര കൊലപ്പെടുത്തിയത്. ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവിൽപോയ ചെന്താമരയെ 35 മണിക്കൂറിന് ശേഷമാണ് പോലീസിന് പിടികൂടാനായത്. മലമുകളിൽ ഒളിവിൽകഴിഞ്ഞിരുന്ന പ്രതി വിശപ്പ് സഹിക്കാൻ വയ്യാതെ മലയിറങ്ങി വീട്ടിലേക്ക് വരുന്നതിനിടെ പോലീസ് കാത്തിരുന്ന് പിടികൂടുകയായിരുന്നു.