ചെന്നൈ: കരൂർ ദുരന്തഭൂമിയിൽ നിന്നും ഓടിരക്ഷപെട്ട ടിവികെ നേതാവ് വിജയ് പ്രതികരണവുമായി എക്സിൽ. തൻറെ ഹൃദയം തകർന്നുവെന്നാണ് വികാരഭരിതനായി വിജയ് കുറിച്ചത്. മരിച്ചവർക്കുംഅനുശോചനം രേഖപ്പെടുത്തിയ വിജയ് സംഭവത്തിൽ മറ്റു പ്രതികരണങ്ങളൊന്നും നടത്തിയില്ല.
വിജയ് തന്റെ എക്‌സിൽ കുറിച്ചതിങ്ങനെ
‘എന്റെ ഹൃദയം തകർന്നിരിക്കുന്നു. വിവരിക്കാൻ കഴിയാത്ത വേദനയിലും ദുഃഖത്തിലും ഞാൻ പുളയുകയാണ്. കരൂരിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരി സഹോദരന്മാരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’
അതേസമയം താൻ നടത്തിയ പരിപാടി വൻ ദുരന്തമാവുകയും അതിൽ 39 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തപ്പോഴും ഒരക്ഷരം പോലും പ്രതികരിക്കാതെ പോയ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ എക്‌സ് പോസ്റ്റിലൂടെ വിജയ് തന്റെ ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ റാലിയിലുണ്ടായ സുരക്ഷാ വീഴ്ച്ചയിലും ദുരന്തത്തിന്റെ പശ്ചാത്തലത്തിലും വിജയ്‌ക്കെതിരെ കേസുണ്ടാകുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്നാൽ ജൂഡീഷ്യൽ അന്വേഷണ റിപ്പോർട്ടിനു ശേഷം തുടർ നടപടികളെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ദുരന്തഭൂമി സന്ദർശിച്ചശേഷം വ്യക്തമാക്കി.