കാക്കനാട്: നിരോധിത എയര്‍ഹോണുകള്‍ റോഡിലിട്ട് തവിടുപൊടിയാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഒരാഴ്ചക്കിടെ ജില്ലയില്‍നിന്ന് പിടികൂടിയ 500 ഓളം എയര്‍ഹോണുകളാണ് ജെസിബി ഉപയോഗിച്ച് നശിപ്പിച്ചത്. ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം തുടങ്ങിയ പരിശോധനയില്‍ സ്വകാര്യ ബസുകള്‍, ചരക്ക് ലോറികള്‍, കാറുകള്‍ തുടങ്ങിയ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള എയര്‍ഹോണുകള്‍ ഉദ്യോഗസ്ഥര്‍ സ്‌പോട്ടില്‍ പിഴചുമത്തി ഊരിയെടുക്കുകയായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം എറണാകുളം കമ്മട്ടിപ്പാടത്തെ ആളൊഴിഞ്ഞ റോഡില്‍ വെച്ച് യന്ത്രത്തിന്റെ സഹായത്തോടെ നശിപ്പിച്ചത്.
പിടികൂടിയ എയര്‍ഹോണ്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച്, റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിക്കണമെന്നാണ് മന്ത്രി നിര്‍ദേശിച്ചത്. എന്നാല്‍, റോഡ് റോളര്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ജെസിബിയെ ആശ്രയിച്ചത്. ഇതിനു മുന്നില്‍ റോളര്‍ ഘടിപ്പിച്ചാണ് എയര്‍ഹോണുകള്‍ നശിപ്പിച്ചത്. ഇതിന്റെ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കാനുള്ള നടപടികളും ഉദ്യോഗസ്ഥര്‍ സ്വീകരിക്കും.
കഴിഞ്ഞ ആഴ്ച കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിത വേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വാഹനവകുപ്പ് പരിശോധന ശക്തമാക്കിയത്. നിരോധനമുള്ള എയര്‍ഹോണുകളാണ് പല വാഹനങ്ങളിലും ഘടിപ്പിച്ചിട്ടുള്ളത്. ടെസ്റ്റ് സമയത്ത് അഴിച്ചുമാറ്റുന്ന ഇവ പിന്നീട് ഘടിപ്പിക്കും. കടുത്ത ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഹോണുകളാണ് ഇവ. വരും ദിവസങ്ങളിലും പരിശോധന തുടരും.