മീററ്റ്: ഉത്തർപ്രദേശിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മുസ്കാൻ റസ്തോഗി ഗർഭിണിയാണെന്ന് വൈദ്യപരിശോധനാ ഫലം. തിങ്കളാഴ്ച ജയിലിലെ വനിതാ അന്തേവാസികൾക്കായി നടത്തിയ പതിവ് ആരോഗ്യ പരിശോധനയിലാണ് മുസ്കാൻ ഗര്‍ഭിണിയാണെന് കണ്ടെത്തിയത്. ഇക്കാര്യത്തിൽ ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് സീനിയർ ജയിൽ സൂപ്രണ്ട് വിരേഷ് രാജ് ശർമ്മ പറഞ്ഞു.
ജയിലിൽ വരുന്ന ഓരോ വനിതാ അന്തേവാസിക്കും ആരോഗ്യ പരിശോധനയും ഗർഭ പരിശോധനയും പതിവായി നടത്താറുണ്ട്. മുസ്കാന്റെ പരിശോധനയും ഈ പ്രക്രിയയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക പരിശോധനയിൽ ഗർഭധാരണം പോസിറ്റീവ് ആണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അശോക് കതാരിയ സ്ഥിരീകരിച്ചു. ഗർഭാവസ്ഥയുടെ കൃത്യമായ അവസ്ഥയടക്കം നിർണ്ണയിക്കാൻ അടുത്തതായി അൾട്രാസൗണ്ട് സ്കാനിംഗ് നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മുസ്കാനും കാമുകൻ സാഹിലും ചേർന്ന് നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത്തിനെ മാർച്ച് നാലിനാണ് കൊലപ്പെടുത്തിയത്. മീററ്റ് ജില്ലയിലെ ഇന്ദിരാനഗറിലെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം. സൗരഭിനെ മയക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതികൾ മൃതദേഹം വെട്ടിനുറുക്കി തലയും കൈകളും വെട്ടിമാറ്റി സിമന്‍റ് നിറച്ച നീല ഡ്രമ്മിൽ ഒളിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. 2023 നവംബർ മുതൽ മുസ്കാൻ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. രണ്ട് പ്രതികളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജയിലിൽ മുസ്കാന് തയ്യൽ ജോലിയും സാഹിലിന് കൃഷി ജോലിയും നൽകിയിട്ടുണ്ട്. ഇരുവരും ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സയും തേടുന്നുണ്ട്.