തിരുവനന്തപുരം: വഖഫ് ബില്ലിന്റെ പിൻബലത്തിൽ മുനമ്പം വിഷയത്തിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ബിജെപി നടത്തിയ ശ്രമം കേന്ദ്രമന്ത്രി കിരൺ റിജിജു നൈസായി പൊളിച്ചുകയ്യിൽ കൊടുത്തു. ഒരു തരത്തിൽ പറഞ്ഞാൽ കേന്ദ്രമന്ത്രിയുടെ വക ബിജെപിക്ക് ഒരു സെൽഫ് ഗോൾ. ബില്ലിനു മുൻകാല പ്രാബല്യം കിട്ടുന്ന കാര്യത്തിൽ കേന്ദ്രമന്ത്രി സംശയം പ്രകടിപ്പിച്ചതും ഭൂമി തിരിച്ചുകിട്ടാൻ നീണ്ട നിയമപോരാട്ടം വേണ്ടിവരുമെന്ന പ്രസ്താവനയുമാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. സംഭവം ബിജെപിയിൽ അതൃപ്തിക്കു കാരണമാവുകയും ചെയ്തു.
അതേസമയം ചില രാഷ്ട്രീയ പാർട്ടികൾ മുനമ്പത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ബില്ലിനു മുൻകാല പ്രാബല്യം വേണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതിൽ നിരാശയുണ്ടെന്ന സിറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. കേന്ദ്രമന്ത്രി കിരൺ റിജിജുവിൽനിന്നു പ്രതീക്ഷിച്ച പ്രഖ്യാപനം ഉണ്ടായില്ലെന്ന് മുനമ്പം ഭൂസംരക്ഷണ സമര സമിതിയും പ്രതികരിച്ചിരുന്നു. മുനമ്പം ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് വഖഫ് ഭേദഗതി ബില്ലിലൂടെ പരിഹാരം ആകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇനിയും സുപ്രീം കോടതി വരെ നിയമപോരാട്ടം വേണ്ടിവരുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നതെന്നു സമര സമിതി ചെയർമാൻ ജോസഫ് റോക്കി പറഞ്ഞു. എത്രയും വേഗമുള്ള പരിഹാരമാണ് സമിതി ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ സിപിഎമ്മും കോൺഗ്രസും കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ വാക്കുകൾ ആയുധമാക്കിയതോടെ ബിജെപി അക്ഷരാർഥത്തിൽ പ്രതിരോധത്തിലായി. മുനമ്പത്തെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് ബിജെപി ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വിഷയത്തിൽ ബിജെപി-ആർഎസ്എസ് നാടകം പൊളിഞ്ഞുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. സംസ്ഥാന സർക്കാർ പറഞ്ഞ കാര്യമാണ് കേന്ദ്രമന്ത്രിയും ഇപ്പോൾ പറയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം, വഖഫ് നിയമം പറഞ്ഞ് ബിജെപി മുനമ്പത്തുകാരെ വഞ്ചിച്ചുവെന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. വഖഫ് നിയമവും മുനമ്പവും തമ്മിൽ ബന്ധമില്ലെന്നു കേന്ദ്രമന്ത്രി തന്നെ സമ്മതിച്ചതോടെ കേന്ദ്ര സർക്കാരിന്റെ കള്ളി വെളിച്ചത്തായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിൽ പാസായതോടെ മുനമ്പത്തെ താമസക്കാർക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്ന തരത്തിലാണ് ബിജെപി പ്രചാരണം നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായാണ് വഖഫ് ബിൽ പാസാക്കിയതിന്റെ നന്ദിസൂചകമായി മുനമ്പത്ത് എൻഡിഎ ‘നന്ദി മോദി’ പരിപാടി സംഘടിപ്പിച്ചതും ഉദ്ഘാടകനായി പാർലമെന്റിൽ ബിൽ അവതരിപ്പിച്ച കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ കൊണ്ടുവന്നതും.
എന്നാൽ പുതിയ വഖഫ് ഭേദഗതി നിയമത്തിനു മുനമ്പം ഭൂമി വിഷയത്തിൽ അനുകൂലമായ മുൻകാല പ്രാബല്യം ലഭിക്കുമോ എന്നത് ഇപ്പോൾ ഉറപ്പു പറയാനാകില്ലെന്ന് കിരൺ റിജിജു പറഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. നീതി ലഭിക്കും വരെ മുനമ്പത്തുകാർ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വഖഫ് നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിച്ചു കഴിഞ്ഞാൽ മുനമ്പം നിവാസികളുടെ താൽപര്യം സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും റിജിജു പറഞ്ഞു. അതേസമയം വഖഫ് ബിൽ പാർലമെന്റിൽ പാസാക്കിയതിനു പിന്നാലെ സമരസമിതിയിലെ 50 ഓളം അംഗങ്ങൾ ബിജെപിയിൽ അംഗത്വമെടുത്തിരുന്നു.