ലാത്തൂർ: ഭര്‍ത്താവ് വീട്ടില്‍ വൈകി വന്നതിനെചൊല്ലിയുള്ള വഴക്കിന് പിന്നാലെ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തി അമ്മ. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തില്‍ 30 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തു. ശ്യാം നഗർ പ്രദേശത്ത് തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്.
കൂലിപ്പണിക്കാരനായ ഭര്‍ത്താവ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. വൈകിയെത്തിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പിന്നാലെ യുവതി കത്തിയെടുത്ത് മകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കൊലപാതകക്കുറ്റം ചുമത്തി സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടായിരുന്നു യുവതി മകളെ കൊലപ്പെടുത്തിയത്. കുഞ്ഞിന്‍റെ വയറിനും നെഞ്ചിലിലും മുഖത്തുമടക്കം നിരവധി സ്ഥലങ്ങളില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നതായി പൊലീസ് പറയുന്നു.















































