ഗ്വാളിയോര്‍: കാമുകനുമായുള്ള ബന്ധം പുറത്തുപറയുമെന്ന ഭയത്തില്‍ അഞ്ചുവയസുകാരനായ മകനെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ മാതാവിന് ജീവപര്യന്തം തടവ്. പൊലീസ് കോണ്‍സ്റ്റബിള്‍ ധ്യാന്‍ സിംഗ് റാത്തോഡിന്റെ ഭാര്യ ജ്യോതി റാത്തോഡിനെയാണ് ഗ്വാളിയോര്‍ കോടതി കുറ്റക്കാരിയായി കണ്ടെത്തി ശിക്ഷിച്ചത്.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 2023 ഏപ്രില്‍ 28-നാണ് കൊലപാതകം നടന്നത്. അയല്‍വാസിയായ ഉദയ് ഇന്‍ഡോലിയയുമായി ജ്യോതിക്ക് അടുപ്പമുണ്ടായിരുന്നു. ഈ ബന്ധം അഞ്ചുവയസുകാരനായ മകന്‍ ജതിന്‍ നേരില്‍ കാണാനിടയായത് ക്രൂരകൃത്യത്തിലേക്ക് നയിച്ചു. ഭര്‍ത്താവിനോട് വെളിപ്പെടുത്തുമെന്ന് ഭയന്ന ജ്യോതി, കുട്ടിയെ വീടിന്റെ രണ്ടാം നിലയിലെ മേല്‍ക്കൂരയിലേക്ക് കൂട്ടിക്കൊണ്ടുപോയി താഴേക്ക് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജതിന്‍ 24 മണിക്കൂറിനുള്ളില്‍ മരണത്തിന് കീഴടങ്ങി.
കുട്ടി അബദ്ധത്തില്‍ വീണതാണെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് ധ്യാന്‍ സിംഗ് രഹസ്യമായി അന്വേഷണം ആരംഭിച്ചു.അതിനിടെ കുറ്റബോധം സഹിക്കാനാവാതെ ജ്യോതി ഭര്‍ത്താവിനോട് സത്യം തുറന്നുപറഞ്ഞു. ഭാര്യയുടെ കുറ്റസമ്മതം ധ്യാന്‍ സിംഗ് രഹസ്യമായി വീഡിയോയിലും ഓഡിയോയിലും റെക്കാര്‍ഡ് ചെയ്യുകയും, ഒപ്പം വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
ശക്തമായ തെളിവുകളുമായി ധ്യാന്‍ സിംഗ് പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഭര്‍ത്താവ് ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ജ്യോതി റാത്തോഡ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. അതേസമയം, തെളിവുകളുടെ അഭാവത്തില്‍ ജ്യോതിയുടെ കാമുകനായ ഉദയ് ഇന്‍ഡോലിയയെ കോടതി വെറുതെ വിട്ടു.















































