ജയ്പൂർ: ഉറക്കിക്കിടത്തിയ ശേഷം മൂന്നു വയസുകാരിയെ തടാകത്തിലെറിഞ്ഞ് കൊന്ന് മാതാവ്. കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് കുഞ്ഞിന്‍റെ അമ്മയായ 28കാരി അഞ്ജലി സിങ് അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളാണ് നടന്നത് കൊലപാതകമാണെന്ന സൂചന പൊലീസിന് നൽകിയത്. മൂന്ന് വയസ്സുകാരി കാവ്യയെ കൊലപ്പെടുത്തിയ കേസിൽ അഞ്ജലിയെന്ന റിസപ്ഷനിസ്റ്റിനെ അടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളത്തിനടിയിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.
രാജസ്ഥാനിലെ അജ്മീറിലെ അന സാഗർ ജലാശയത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്ക് പട്രോളിംഗിനിടെയാണ് പൊലീസ് അഞ്ജലിയെ പരിഭ്രമിച്ച നിലയിൽ കണ്ടത്. ചോദിച്ചപ്പോൾ രാത്രി മകൾ കാവ്യയോടൊപ്പം നടക്കാനിറങ്ങിയതാണെന്നും വഴിയിൽ വച്ച് കുഞ്ഞിനെ കാണാതായെന്നും തിരയുകയാണെന്നും പറഞ്ഞു. അഞ്ജലിയുടെ വാക്കുകളിൽ പൊരുത്തക്കേട് തോന്നിയ പൊലീസ് തടാകത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
വിശദമായ ചോദ്യം ചെയ്യലിൽ അഞ്ജലി കുറ്റസമ്മതം നടത്തി.
കാവ്യ തന്‍റെ ആദ്യ വിവാഹത്തിലെ കുട്ടിയായിരുന്നുവെന്നും അവളെ അംഗീകരിക്കാൻ ലിന്അ ഇൻ പാർട്ണറായ അൽകേഷ് തയ്യാറായില്ലെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും അഞ്ജലി പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.