ലഖ്നൗ: ഇന്ത്യന്‍ മുസ്ലിങ്ങളെല്ലാം ഹിന്ദുക്കളാണെന്നും, അവരൊന്നും അറബ് രാജ്യങ്ങളിൽ നിന്നും വന്നവരല്ലെന്നും, ഇന്ത്യക്കാരായ മുസ്‍ലികളെ ഹിന്ദുമതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കണമെന്നും ആർ.എസ്.എസ് മേധവി മോഹൻ ഭഗവത്. ലഖ്നോവിൽ നടന്ന സ്വരസ്വതി ശിശു മന്ദിർ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഘർ വാപസി പെട്ടെന്ന് ചെയ്യേണ്ട ഒന്നല്ല.
സാമൂഹിക സംവാദങ്ങളിലൂടെ കാലക്രമേണെ മാറ്റിയെടുക്കേണ്ട ഒന്നാണ്. മുസ്‍ലിംകൾക്കും ഈ രാജ്യത്താണ് വേരുകളുള്ളത്. അവരുടെ പൂർവ്വികർ ഈ മണ്ണിന്റെ മക്കളാണ്. സാമൂഹികഐക്യമാണ്, അല്ലാതെ ഭിന്നിപ്പല്ല ആവശ്യം’ -മോഹൻ ഭഗവത് പറഞ്ഞു.
ഹിന്ദു സമൂഹത്തിലെ ജനസംഖ്യാ മുരടിപ്പിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സാമൂഹിക സമത്വം നിലനിർത്തുന്നതിന് ഹിന്ദു കുടുംബങ്ങളിൽ ഏറ്റവും ചുരുങ്ങിയത് മൂന്ന് കുട്ടികൾ വേണമെന്ന് നിർദേശിച്ചു. ‘കുടുംബത്തിൽ ഏറ്റവും ചുരുങ്ങിയത് മൂന്ന് കുട്ടികൾ എന്നതിനെ കുറിച്ച് ഗൗരവത്തോടെ ആലോചിക്കണം.
മൂന്നിൽ താഴെ ജനനിരക്കുള്ള സമൂഹങ്ങൾ ഭാവയിൽ ഗുരുതരമായ ജനസംഖ്യാ വെല്ലുവിളികൾ നേരിടുമെന്നാണ് ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്. ഇക്കാരണത്താൽ വിഷയം ഗൗരവത്തോടെ പരിഗണിക്കണം’ -മോഹൻ ഭഗവത് പറഞ്ഞു.

















































